ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥ;രമേശ് ചെന്നിത്തല
ഹരിപ്പാട്: സംസ്ഥാനത്തെ ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മൂലം വികസന പ്രവർത്തനങ്ങളെല്ലാം പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ തൃക്കുന്നപ്പുഴ മതുക്കൽ തീരത്ത് യുഡിഎഫ് മത്സ്യത്തൊഴിലാളി സംഘടനകൾ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുക്കും ചുണ്ണാമ്പും തിരിച്ചറിയാൻ കഴിയാത്ത മന്ത്രിയാണ് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളുടെ ദുരിതം കാണാൻ മന്ത്രിക്ക് കണ്ണില്ല. മത്സ്യം കഴിക്കാൻ മാത്രമാണ് അദ്ദേഹത്തിനറിയാവുന്നത്. സുനാമി മേഖലയിൽ മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പത്തുതവണ കത്തു നൽകിയിട്ടും വകുപ്പ് മന്ത്രി ഇടപെടാൻ തയാറായില്ല. ഭരണഘടനയെ കുന്തവും കുടച്ചക്രവും എന്ന് വിശേഷിപ്പിച്ച് അപമാനിച്ച മന്ത്രിയിൽനിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃക്കുന്നപ്പുഴ പാലം പൂർത്തീകരിക്കുന്നതിൽ കാലതാമസം വരുത്തുന്നത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ അടിയന്തര യോഗം വിളിക്കാൻ എംഎൽഎ എന്ന നിലയിൽ താൻ പലതവണ ആവശ്യപ്പെട്ടു. ഒടുവിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ പോലും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.
യോഗത്തിന്റെ മിനിറ്റ്സിൽ ഒപ്പിടാൻ മുഖ്യമന്ത്രി തയാറാകാത്തതാണ് പദ്ധതി മുടങ്ങാൻ കാരണം. യുഡിഎഫ് മണ്ഡലം ചെയർമാൻ അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. എം.പി പ്രവീൺ, എ.കെ. രാജൻ, ബാബുക്കുട്ടൻ, ഷംസുദ്ദീൻ കായിപ്പുറം, കെ.കെ. സുരേന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
പര്യടനം ഊർജിതമാക്കി ടി.ടി. ജിസ്മോൻ
ഹരിപ്പാട്: ഹരിപ്പാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ടി.ടി. ജിസ്മോൻ കഴിഞ്ഞദിവസങ്ങളിൽ വിവിധ മേഖലകളിൽ വോട്ടഭ്യർഥനയുമായി സജീവമായിരുന്നു. ദുഃഖവെള്ളിയാഴ്ച മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളെ കണ്ട അദ്ദേഹം, ശനിയാഴ്ച ചെറുതന, ഹരിപ്പാട്, കരുവാറ്റ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ട് തേടിയെത്തി. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബസംഗമങ്ങളിലൂടെ പ്രചാരണം വിപുലപ്പെടുത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.
ലോട്ടറി പണം നൽകിയതിനെ വോട്ട് വാങ്ങലെന്ന് പ്രചരിപ്പിച്ചു;
കോൺഗ്രസിന്റേത് ഹീനമായനടപടി: സന്ദീപ് വാചസ്പതി
ഹരിപ്പാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയോധികയായ ലോട്ടറി വിൽപ്പനക്കാരിയിൽനിന്നു ടിക്കറ്റ് വാങ്ങി പണം നൽകിയതിനെ, വോട്ട് വാങ്ങാൻ പണം വിതരണം ചെയ്തെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ച കോൺഗ്രസ് നടപടി പ്രതിഷേധാർഹമാണെന്ന് എൻഡിഎ സ്ഥാനാർഥി സന്ദീപ് വാചസ്പതി.
പാവപ്പെട്ട ഒരു വയോധികയെ രാഷ്ട്രീയ ലാഭത്തിനായി സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കോൺഗ്രസ് സൈബർ വിംഗിനെതിരേ ഹരിപ്പാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. ലോട്ടറി വിൽപ്പനക്കാരിയായ തങ്കമ്മയും സ്ഥാനാർഥിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വോട്ടഭ്യർഥിച്ചു പോകുന്നതിനിടെയാണ് തങ്കമ്മയെ സ്ഥാനാർഥിയും സംഘവും കാണുന്നത്. ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകൻ ബാബുരാജിന് തങ്കമ്മയെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ടിക്കറ്റ് വാങ്ങുകയും അതിന്റെ പണം നൽകുകയുമാണ് ചെയ്തത്. എന്നാൽ, ഈ ദൃശ്യങ്ങൾ സ്ഥാനാർഥി പണം നൽകി വോട്ടുറപ്പിക്കുന്നു എന്ന രീതിയിലാണ് കോൺഗ്രസ് ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചത്.
അധ്വാനിച്ച് ജീവിക്കുന്ന ഒരു സാധു സ്ത്രീയെ ആക്ഷേപിക്കുന്നത് ക്രൂരതയാണെന്നും വാങ്ങിയ ലോട്ടറി ടിക്കറ്റുകൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിലവാരമില്ലാത്ത പ്രചാരണങ്ങൾ കൊണ്ട് ബിജെപിയുടെ മുന്നേറ്റത്തെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.