കൽപ്പറ്റ: തോമാട്ടുചാൽ ഡിവിഷനിൽനിന്നു വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെത്താൻ പഴുതടച്ച പ്രചാരണവുമായി മുന്നണി സ്ഥാനാർഥികൾ. ഡിവിഷനിൽ ഒരുകൈ നോക്കാൻ എസ്ഡിപിഐയും ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. കോണ്‍ഗ്രസിലെ വി.എൻ. ശശീന്ദ്രൻ, ആർജെഡിയിലെ പി.വി. വേണുഗോപാൽ, ബിജെപിയിലെ കെ. സദാനന്ദൻ, എസ്ഡിപിഐയിലെ എം. ജാഫർ, എഎപിയിലെ എൻ. സൽമാൻ എന്നിവരാണ് ജനവിധി തേടുന്നത്.
മൂപ്പൈനാട് പഞ്ചായത്തിലെ 17 വാർഡുകളും അന്പലവയൽ പഞ്ചായത്തിൽ നെല്ലാറച്ചാൽ ബ്ലോക്ക് ഡിവിഷൻ പരിധിയിലെ ചീനപ്പുല്ല്, പെരുന്പാടിക്കുന്ന്, പുറ്റാട്, നെല്ലാറച്ചാൽ, ചിങ്ങവല്ലം, മഞ്ഞപ്പാറ, തോമാട്ടുചാൽ ബ്ലോക്ക് ഡിവിഷനിലെ നീർച്ചാൽ, ആണ്ടൂർ, പാന്പള, ഒന്നേയാറ്, കോട്ടൂർ, കന്പാളക്കൊല്ലി, തോമാട്ടുചാൽ വാർഡുകളും ചേരുന്നതാണ് തോമാട്ടുചാൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. 30 വാർഡുകളിലുമായി 40,000ന് അടുത്താണ് വോട്ടർമാരുടെ എണ്ണ
കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയ വിവാദത്തിലൂടെ ജില്ലയ്ക്ക് അകത്തും പുറത്തും ശ്രദ്ധ നേടിയതാണ് തോമാട്ടുചാൽ ഡിവിഷൻ. പാർട്ടി ഹിതത്തിനു വിരുദ്ധമായി ഡിവിഷനിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ പത്രിക നൽകിയതാണ് വിവാദത്തിന് ഇടയാക്കിയത്. പാർട്ടി നേതൃത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച് ജഷീർ രംഗത്തുവരികയുമുണ്ടായി. കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വം ഇടപെട്ടതിനെത്തുടർന്നാണ് ജഷീർ പത്രിക പിൻവലിച്ചത്.
ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി വി.എൻ. ശശീന്ദ്രൻ മൂപ്പൈനാട് പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു. ജഷീർ പത്രിക പിൻവലിച്ചതോടെ ഡിവിഷനിലെ കോണ്‍ഗ്രസ് വോട്ടുകൾ ചിതറുന്നതിനുള്ള സാധ്യത ഒഴിവായി. ശശീന്ദ്രന്റെ വിജയം ഉറപ്പാണെന്നാണ് ഡിവിഷനിലെ യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ. എങ്കിലും അടിയൊഴുക്കുകൾ തടയുന്നതിന് നേതൃത്വം ജാഗ്രത പുലർത്തുന്നുണ്ട്. ഇടതുസർക്കാരിന്റെ ഭരണവീഴ്ചകൾ തുറന്നുകാട്ടിയാണ് ഡിവിഷനിൽ യുഡിഎഫ് വോട്ടർമാരെ സമീപിക്കുന്നത്.
ഡിവിഷനിൽ ആർജെഡി ടിക്കറ്റിൽ മത്സരിക്കുന്ന പി.വി. വേണുഗോപാലിന് വലിയ സാധ്യതയാണ് എൽഡിഎഫ് കാണുന്നത്. കോണ്‍ഗ്രസ് മൂപ്പൈനാട് മണ്ഡലം മുൻ പ്രസിഡന്റാണ് വേണുഗോപാൽ. കൽപ്പറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് വിട്ട് ആർജെഡിയിൽ ചേർന്നാണ് എൽഡിഎഫ് സ്ഥാനാർഥിയായത്.
ഡിസിസി പ്രസിഡന്റും പിന്നീട് സിപിഎം സഹയാത്രികനുമായിരുന്ന അന്തരിച്ച പി.വി. ബാലചന്ദ്രന്റെ സഹോദരനാണ് വേണുഗോപാൽ. ഡിവിഷനിലെ എൽഡിഎഫ് വോട്ടുകളും കോണ്‍ഗ്രസിൽനിന്നു അടർന്നു മാറുന്ന വോട്ടുകളും സ്ഥാനാർഥിയെ വിജയത്തിലേക്കു നടത്തുമെന്നാണ് ആർജെഡി ജില്ലാ നേതൃത്വം വിലയിരുത്തുന്നത്.ബിജെപി സംസ്ഥാന സമിതിയംഗമാണ് ഡിവിഷനിൽ എൻഡിഎ ടിക്കറ്റിൽ മത്സരിക്കുന്ന കെ. സദാനന്ദൻ. ജില്ലയിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ് അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ്, കോഴിക്കോട് മേഖലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൽപ്പറ്റ നിയോജകമണ്ഡലത്തിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എൻഡിഎയുടെ ശക്തി വ്യക്തമാക്കുന്നതാകും ഡിവിഷനിലെ തെരഞ്ഞെടുപ്പുഫലമെന്ന് ബിജെപി നേതാക്കൾ പറയുന്നു.
കണ്ണട അടയാളത്തിൽ വോട്ട് തേടുന്ന എസ്ഡിപിഐയിലെ എം. ജാഫറും ചൂൽ ചിഹ്നത്തിൽ മത്സരിക്കുന്ന എൻ. സൽമാനും പ്രചാരണരംഗത്ത് സജീവമാണ്. അഞ്ച് സ്ഥാനാർഥികളും കളം നിറയുന്പോൾ ഡിവിഷനിൽ തെരഞ്ഞെടുപ്പുകാറ്റിന് ചൂടുപിടിക്കുകയാണ്.
Tags : local nattuvishesham