കത്തി നശിച്ച കാറും ബൈക്കും സ്കൂട്ടറും.
കുണ്ടറ : ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് കാറും ബൈക്കും സൈക്കിളും കത്തി നശിച്ചു. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും രണ്ടു സ്കൂട്ടറുകളും ഒരു ബൈക്കും ഒരു സൈക്കിളുമാണ് കത്തി നശിച്ചത്. കരിക്കോട് മുകുന്ദാശ്രമം തട്ടാര്‍ക്കോണത്ത് അനി നിവാസില്‍ ഇന്നലെ പുലര്‍ച്ചെ 2.30നാണ് സംഭവം. രാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പുറത്ത് കാര്‍പോര്‍ച്ചില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ പുകയും തീയും കാണുകയായിരുന്നു.
വീട്ടുകാര്‍ നോക്കുമ്പോള്‍ കാര്‍ ഭാഗികമായി കത്തിയിരുന്നു. ഉടനേ കടപ്പാക്കടയില്‍ നിന്ന് ഫയര്‍ഫോഴ്സും കിളികൊല്ലൂര്‍ നിന്ന് പോലീസും എത്തിയപ്പോഴേക്കും ഇലക്ട്രിക് സ്കൂട്ടറും സൈക്കിളും പൂര്‍ണമായും മറ്റൊരു സ്കൂട്ടറും ബൈക്കും കാറും ഭാഗികമായും കത്തിയമര്‍ന്നിരുന്നു.
കുറച്ചുദിവസമായി വീൽ കേടായി നീക്കാന്‍ കഴിയാതെ ഇരുന്ന ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് വീട്ടുടമ പറയുന്നു. ഇലക്ട്രിക് സ്കൂട്ടര്‍ ഏജന്‍സിയെ പലതവണ ബന്ധപ്പെട്ടെങ്കിലും ശരിയാക്കാന്‍ എത്തിയില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു.
വീടിന്റെ ജനല്‍ ചില്ലകളും ഭിത്തിയും മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. വീടിനകത്ത് രത്നമണി മകനും ഭാര്യയും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. വീടിനും വാഹനത്തിനും ഉള്‍പ്പെടെ 10 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
Tags : Local News Nattuvishesham Kollam