എടയാർ ഇടുക്കി ജംഗ്ഷനിൽ റോഡ്കൈയേറി സ്ഥാപിച്ച സ്റ്റാൾ.
ആലുവ: കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം - എടയാർ റോഡിലെ കൈയേറ്റം ഒഴിപ്പിക്കൽ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് നടപടികളെക്കുറിച്ച് ആലോചിക്കാൻ നാളെ സർവകക്ഷി യോഗം വിളിക്കുന്നു. 2021 ജനുവരിയിൽ എടയാർ റോഡിലെ അനധികൃത നിർമാണങ്ങൾ ഏഴ് ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കളമശേരിയിലെ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പുതിയനീക്കം.
അനധികൃതമായി ഷെഡുകളും കടമുറികളും നിർമിച്ച് ദിവസ വാടകയ്ക്ക് നൽകുന്നത് വർധിച്ചു വരുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. അനധികൃത നിർമാണം കാരണം റോഡിന് വീതി കുറഞ്ഞ് അപകടങ്ങൾക്ക് കാരണമാകുന്നതായാണ് നാട്ടുകാരുടെ പരാതി.
എടയാർ വ്യവസായ മേഖലയിലേക്ക് നിരവധി വലിയ കണ്ടെയ്നർ ലോറികളും ടാങ്കർ ലോറികളുമാണ് കടന്നു പോകുന്നത്. റോഡിന് വീതി കുറഞ്ഞ് വരുന്നതിനാൽ പല സ്ഥലത്തും രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നു പോകാനാകുന്നില്ല. കൈയേറ്റം അടിയന്തിരമായി ഒഴിവാക്കി മതിയായ വീതിയിൽ റോഡ് സംരക്ഷിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
ഇതു കൂടാതെയാണ് ഭീമൻ ടാങ്കറുകൾ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്നത്. ഭാരവണ്ടികൾ കാരണം റോഡിന്റെ വശങ്ങൾ ഇടിഞ്ഞു പോകുന്നതും പതിവാണ്. ഇരുചക്ര യാത്രികർക്ക് ഇത്തരം വാഹനങ്ങളിൽ ഇടിച്ച് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.
റോഡ് കൈയേറിയുള്ള കച്ചവട സ്ഥാപനങ്ങൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് പിഡബ്ല്യുഡി അധികൃതരും പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ സമ്മർദ്ദം കാരണം തുടർനടപടികൾ എടുക്കുന്നില്ലെന്നാണ് ആരോപണം.
നാളെ രാവിലെ 11 ന് നടക്കുന്ന സർവകക്ഷി യോഗത്തിൽ ട്രേഡ് യൂണിയനുകൾ ജനങ്ങൾക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : All-party meeting NattuVishasham DistrictNews