പ്രതീകാത്മക ചിത്രം
മട്ടാഞ്ചേരി : ഫോര്‍ട്ടുകൊച്ചി - വൈപ്പിന്‍ അഴിമുഖ കടത്തിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി നിര്‍മിച്ച മൂന്നാമത് റോ റോ വെസലിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും സര്‍വീസ് ആരംഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. ജൂലൈ 12 ന് മുഖ്യമന്ത്രി വി.ഡി സതീശനാണ് റോ റോ വെസലിന്റെ ഉദ്ഘാടനം ആഘോഷ പൂര്‍വം നടത്തിയത്.15നു തന്നെ സര്‍വീസ് ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒന്നര മാസം പിന്നിട്ടെങ്കിലും സര്‍വീസ് എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ നഗരസഭ അധികൃതര്‍ മൗനത്തിലാണ്.
നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു വെസലുകളില്‍ ഒന്ന് തകരാറിലാകുമ്പോള്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സര്‍വീസ് നടത്തുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നഗരസഭാ ഭരണസമിതിയാണ് മൂന്നാമത് ഒരു വെസല്‍ കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ റോ റോ വെസല്‍ നിര്‍മിച്ചതും. എന്നാല്‍ ഉദ്ഘാടനത്തിനുശേഷം പല തവണ നിലവിലെ റോ റോ വെസലില്‍ ഒന്ന് തകരാറിലായെങ്കിലും മൂന്നാമത്തെ റോ റോ സര്വീസിനിറക്കിയില്ല. ഇതുമൂലം പലപ്പോഴും കടുത്ത യാത്രാദുരിതവും ഉണ്ടായി.
മൂന്നാമത്തെ റോ റോയുടെ ഗുണഫലം യാത്രക്കാര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ്.നിലവില്‍ കിന്‍കോയാണ് സര്‍വീസ് നടത്തുന്നത്.ഇവരെ മൂന്നാമത്തെ റോ റോ വെസല്‍ ഏല്‍പ്പിക്കില്ലെന്ന് നഗരസഭ പ്രഖ്യാപിച്ചിരുന്നു.റോ റോ നടത്തിപ്പിന് പ്രത്യേക എസ്പിവി രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതി തേടിയതായും പറഞ്ഞിരുന്നു.എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല. എന്ന് തീരുമാനമാകുമെന്നും അറിയാത്ത സാഹചര്യമാണ്. അതു വരെ മൂന്നാമത്തെ റോ റോ സര്വീസിനിറക്കാതെയിരുന്നാല് അത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാകും. കൂടാതെ ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.