കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഭൂപടങ്ങൾ കൈമാറുന്നു.
കാഞ്ഞിരപ്പുഴ: പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 125-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ തയാറാക്കിയ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭൂപടങ്ങൾ പഞ്ചായത്തിനു കൈമാറി.
പാഠപുസ്തകങ്ങളിലെ അറിവുകൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രായോഗിക തലത്തിൽ പ്രയോജനപ്പെടുത്തി കുട്ടികൾ തയാറാക്കിയ ഭൂപടങ്ങൾ മന്ത്രി കെ.എ. തുളസി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കൽ എന്നിവർക്കാണ് കൈമാറിയത്.
ജില്ലയുടെ ഭൂപ്രകൃതിയുടെ ഉയർച്ച താഴ്ചകൾ കൃത്യമായി മനസിലാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ എലിവേഷൻ മോഡൽ, കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ ഡിജിറ്റൽ എലിവേഷൻ മോഡൽ, പഞ്ചായത്തിന്റെ അതിരുകൾക്കുള്ളിലെ ഭൂപ്രകൃതിയുടെ ത്രിമാന ഡിജിറ്റൽ മാതൃക, പഞ്ചായത്തിലെ ഓരോ പ്രദേശത്തിന്റെയും സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള കോണ്ടൂർ മാപ്പ്, പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ശാസ്ത്രീയമായി വിശദീകരിക്കുന്ന ഭൂപ്രകൃതി ഭൂപടം എന്നിവയാണ് സ്കൂളിലെ ജ്യോഗ്രഫി വിഭാഗത്തിന്റെ നേതൃത്വത്തിൽ തയാറാക്കി നൽകിയത്.
ജ്യോഗ്രഫി അധ്യാപകനായ ജി.കെ. ജിഷ്ണുവർധൻ, വിദ്യാർഥികളായ പി. അർച്ചന, കെ.പി. ഷിഫാന, ഫാത്തിമ സഫ്രീന, എസ്.ജെ. ആദിലക്ഷ്മി, കെ. ശ്രീദേവിക, എം.എസ്. അലീന, എസ്.എം. അഞ്ജന എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ സൂക്ഷ്മ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും പഞ്ചായത്തിലെ കാവുകളെകുറിച്ചും സ്കൂളിന്റെ നേതൃത്വത്തിൽ നേരത്തെ പഠനങ്ങൾ നടന്നിരുന്നു.
Tags : Nattuvishesham Districtnews Deepikanews Pottassery school