പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കുന്നു.
എരുമപ്പെട്ടി: ദുർഗന്ധവും വായുമലിനീകരണവും സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വരവൂർ പഞ്ചായത്തിലെ തളിയിലുളള അർബൻ വിംഗ്സ് ചിക്കൻ റെൻഡറിംഗ് യൂണിറ്റിന്റെ ലൈസൻസ് പഞ്ചായത്ത് സസ്പെൻഡ്ചെയ്തു.
പ്രവർത്തനം നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി എം.കെ. ആൽഫ്രഡ് ഉത്തരവുനൽകി. രൂക്ഷമായ ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചുകൊണ്ട് തളി നടുവട്ടത്ത് പ്രവർത്തിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാന്റിനെതിരേ വർഷങ്ങളായി പ്രദേശസികൾ പ്രക്ഷോഭം നടത്തുകയാണ്. ഇതിനിടയിലാണ് ഇന്നലെ പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് നൽകിയത്.
ഗാർഹിക മൃഗങ്ങൾക്ക് ഭക്ഷണംനിർമിക്കുന്നതിനായിട്ടാണ് ചിക്കൻ മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം ലൈസൻസ് നേടി 2025 ഏപ്രിൽ മാസത്തിലാണ് യൂണിറ്റ് ഭാഗികമായി പ്രവർത്തനമാരംഭിച്ചത്. എന്നാൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ പൂർണമായി പ്രവർത്തനക്ഷമമല്ല.
ദുർഗന്ധവും മലിനീകരണവും ഒരുകിലോമീറ്റർ ചുറ്റളവിൽ വ്യാപിക്കുന്നതിനെതിരേ പരിസരവാസികളും തുടർച്ചയായി പഞ്ചായത്തിൽ പരാതിനൽകിയിരുന്നു. തൃശൂർ ഗവ. എൻജിനീയറിംഗ് കോളജിലെ വിദഗ്ധസമിതി സ്ഥലത്തെത്തി ശാസ്ത്രീയപഠനം നടത്തിയാണ് മലിനീകരണം സ്ഥിരീകരിച്ചത്. വാട്ടർ സ്ക്രബർ, ബയോഫിൽറ്റർ, ഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന് വിദഗ്ധസംഘം കണ്ടെത്തി. മലിനജല പൈപ്പ്ലൈനുകൾ ബൈപാസ് ചെയ്യുക, സ്ഥിരം വൈദ്യുതി കണക്ഷനില്ലാത്തതിനാൽ ഡിജി സെറ്റിനെ ആശ്രയിക്കുക എന്നിവയാണ് പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ രൂക്ഷമായ ദുർഗന്ധത്തിന് കാരണമാകുന്നതെന്നും സമിതി വ്യക്തമാക്കി. തുടർന്നാണ് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 233 എ വകുപ്പ് പ്രകാരം സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടറിയും ഉദ്യോഗസ്ഥരും നേരിട്ട് കമ്പനിയിൽ എത്തി ഉത്തരവ് നടപ്പിലാക്കി.
Tags : Treatment Plant NattuVishasham DistrictNews