പ്രതീകാത്മക ചിത്രം
കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അധ്യാപകനായ പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരേ സർക്കാർ അപ്പീൽ നൽകാൻ തയാറാകണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ സർക്കാർ അപ്പീലിനു പോകുന്നില്ലെങ്കിൽ പെൺകുട്ടിയും കുടുംബവും സ്വീകരിക്കുന്ന നിയമനടപടിയിൽ സംഘടനയും കക്ഷിചേരുമെന്ന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എൻ. സുകന്യ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.വി. പ്രീത എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ സഹായത്തോടെയാണ് പ്രതിക്ക് ജാമ്യം കിട്ടിയതെന്നും ഇവർ ആരോപിച്ചു. പ്രതിയെ തലശേരി പോക്സോ സ്പെഷൽ കോടതിയാണ് ജീവിതാവസാനംവരെ തടവിന് ശിക്ഷിച്ചിച്ചത്. എന്നാൽ യുഡിഎഫ് സർക്കാർ ഇടപെട്ട് ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിനുള്ള സാഹചര്യമുണ്ടാക്കുകയാണ് ചെയ്തത്. സർക്കാർ അപ്പീൽ നൽകാൻ തയാറാകുക, പ്രതിക്ക് ജാമ്യം കിട്ടാനിടയായ സാഹചര്യത്തിൽ കേസിൽ വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ നാളെ രാവിലെ പത്തിന് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തും. സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.കെ. ശ്യാമള, പ്രസിഡന്റ് സി. രജനി, ജില്ലാ പഞ്ചായത്തംഗം ടി. ഷബ്ന എന്നിവരും പങ്കെടുത്തു.
Tags : POCSO case NattuVishasham DistrictNews