വീഴാറായ മരം ഒഴിവാക്കി പാർശ്വഭിത്തി നിർമാണം തുടങ്ങിയപ്പോൾ.
കല്ലടിക്കോട്: ചുവടുഭാഗം കേടുവന്ന് മറിഞ്ഞുവീഴാറായ മരം ഒഴിവാക്കിയുള്ള പാർശ്വഭിത്തിനിർമാണത്തിൽ വിദ്യാർഥികളടക്കമുള്ളവർ ഭീതിയിൽ. ഇടക്കുർശി- ശിരുവാണി റോഡിൽ പുതുക്കാട് ഇഞ്ചൻകവലയ്ക്കു സമീപമാണ് അപകടമരം ഒഴിവാക്കി ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്യുന്നത്.
ശിരുവാണിഡാമിൽനിന്നു കോയമ്പത്തൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന കരാറിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ നിർമിച്ച് പരിപാലിച്ചുപോരുന്ന റോഡാണിത്.
കേരളസർക്കാർ കൃത്യമായ കണക്കുകളോ ആവശ്യങ്ങളോ തമിഴ്നാട് സർക്കാരിനെ അറിയിക്കാതായതോടെ റോഡിലെ വാർഷിക അറ്റകുറ്റപ്പണികൾ നിലച്ചു. റോഡിനോടു ചേർന്നുള്ള വീട്ടുകാരും സ്ഥലമുടമകളും ആവശ്യപ്പെടുന്നതിനനുസരിച്ച് റോഡിന്റെ പർശ്വഭിത്തികൾ നിർമിച്ച് നൽകുകമാത്രമായി ചുരുങ്ങി. പുതുക്കാട് ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ഈ റോഡിന്റെ കുറേഭാഗങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായി.
ഈ ഭാഗത്ത് ഇന്റർലോക്ക് സിമന്റുകട്ടകൾ പതിപ്പിച്ച് റോഡ് പുനർനിർമിച്ചിരുന്നു. അതേഭാഗത്താണ് ഇപ്പോൾ മഴവെള്ളം ഒലിച്ചുപോകാനായി ചാലുകൾ നിർമിക്കുന്നത്. ഉണങ്ങിവീഴാറായ മരങ്ങളെല്ലാം ഒഴിവാക്കിയാണ് ഈ ചാലുകൾ നിർമി ക്കുന്നത്.
ശക്തമായ മഴയോ കാറ്റോ വന്നാൽ ഈ മരങ്ങൾ കടപുഴകിവീഴാവുന്ന നിലയിലാണ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിക്കാനാവില്ലെന്നും അനുമതിക്ക് കാത്തിരുന്നാൽ നിശ്ചിത സമയത്തിനകം നിർമാണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നുമാണ് അറ്റകുറ്റപ്പണി ഏറ്റെടുത്തു നടത്തുന്ന കരാറുകാർ പറയുന്നത്.
ദേശബന്ധു, ഹോളിഫാമിലി, കാർമൽ, ബഥനി സ്കൂളുകളുടെ ബസുകൾ കടന്നുപോകുന്നതു ഇതുവഴിയാണ്. നിരവധി വാഹനങ്ങളും സ്ത്രീകളും കുട്ടികളുമടക്കമുള്ള കാൽനടയാത്രക്കാരും ഈ റോഡിലൂടെ നിത്യവും പോകുന്നുണ്ട്. ഉണങ്ങി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Tags : Nattuvishesham Districtnews Deepikanews Side wall