മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധന.
കൊച്ചി: നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിയമാനുസൃതമല്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് വ്യാപക മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 40 ഇ ചെലാനുകള്‍ വഴി 1,17,750 രൂപ പിഴ ഈടാക്കി. അന്യജില്ലകളില്‍ നിന്നെത്തി കൊച്ചി നഗരത്തില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താനും, യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് സുരക്ഷിതവും ഭയരഹിതവുമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കാനുമാണ് എംവിഡി സ്ക്വാഡുകള്‍ തെരുവില്‍ പരിശോധന ശക്തമാക്കിയത്.
ലഭിച്ച രഹസ്യ വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ നാലു പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരങ്ങള്‍, ആലുവ, വൈറ്റില ഹബ്, കളമശേരി, തൃപ്പൂണിത്തുറ, കാക്കനാട്, തുടങ്ങിയ തിരക്കേറിയ മേഖലകളില്‍ നടത്തിയ തിരച്ചിലില്‍ 60 ഓട്ടോറിക്ഷകള്‍ പരിശോധിച്ചു.
പരിശോധനയില്‍ അന്യജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നഗരത്തില്‍ വന്ന് പെര്‍മിറ്റില്ലാതെ അനധികൃതമായി ഓടുന്ന 10 ഓട്ടോറിക്ഷകള്‍ പിടികൂടി പിഴ ചുമത്തി. ഫിറ്റ്നസ് ഇല്ലാത്ത ആറും, നികുതി അടയ്ക്കാത്ത 16ഉം ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത അഞ്ചും ഓട്ടോറിക്ഷകള്‍ക്കെതിരെയും യാതൊരു രേഖയുമില്ലാതെ വാഹനം ഓടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ചു. കൂടാതെ സ്റ്റേജ് കാര്യേജ് ഉള്‍പ്പടെയുള്ള മറ്റു വാഹനങ്ങളില്‍ കണ്ടെത്തിയ 176 നിയമലംഘനങ്ങള്‍ക്ക് 4,10,000 രൂപ പിഴ ചുമത്തി.
നഗരത്തിലെ യാത്രാസുരക്ഷ മുന്‍നിര്‍ത്തി ഇത്തരത്തിലുള്ള പരിശോധന വരും ദിവസങ്ങളിലും കൂടുതല്‍ ഊര്‍ജിതമായി തുടരുമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക് അറിയിച്ചു.