പാടൂർ ചീനിക്കോട് ഭാഗത്തെ കൂർക്കകൃഷി.
വടക്കഞ്ചേരി: കൂർക്കകൃഷിക്ക് പേരുകേട്ട ഗ്രാമപ്രദേശങ്ങളാണ് പാലക്കാട്, തൃശൂർ ജില്ലാ അതിർത്തിയിലുള്ള പുതുക്കോട്, കാവശേരി പഞ്ചായത്തിൽപ്പെടുന്ന തോണിക്കടവ്, പാടൂർ മേഖലകൾ.
ഇവിടുത്തെ റോഡുകളുടെ ഇരുവശങ്ങളിലും കൂർക്കകൃഷിയുടെ പച്ചപ്പുകൾ മാത്രമാണ്. മേഖലയിൽ മുന്നൂറോളം കർഷകരെങ്കിലും കൂർക്കകൃഷിയുമായി ബന്ധപ്പെട്ടുണ്ടെന്നാണ് കണക്ക്.
മേയ് മാസത്തിൽ തുടങ്ങും കൃഷിപ്പണികൾ. കൂർക്കവിത്ത് പാകി മുളപ്പിച്ച് കൂർക്കത്തലകൾ ഒരുക്കുന്നതാണ് ആദ്യപണി. മഴയില്ലെങ്കിൽ നനയ്ക്കൽ നടത്തിവേണം കൂർക്കത്തലകളുണ്ടാക്കാൻ. തോണിക്കടവ് പ്രദേശത്ത് വൻതോതിൽ കൂർക്കത്തലയുണ്ടാക്കി വിൽപന നടത്തുന്ന കർഷകരുമുണ്ട്. മംഗലംഡാമിൽനിന്നുള്ള മംഗലംപുഴയും ആലത്തൂർ വഴിയുള്ള ഗായത്രിപുഴയും സംഗമിക്കുന്നതിനടുത്തെ പ്രദേശങ്ങളാണ് ഇതെല്ലാം. മംഗലംഡാമിൽ നിന്നുള്ള ഇടതുകര മെയിൻ കനാൽ കിഴക്കഞ്ചേരി, വടക്കഞ്ചേരി വഴി 24 കിലോമീറ്റർ പിന്നിട്ട് അവസാനിക്കുന്നത് ഈ തോണിക്കടവിലാണ്. ഇവിടങ്ങളിലൊക്കെ ഒരുപൂൽ മാത്രമേ നെൽകൃഷിയുള്ളു. മറ്റുസീസൺ പാടങ്ങളിലെല്ലാം കൂർക്ക കൃഷിയാകും. മണ്ണിന്റെ പ്രത്യേകതയാണ് പ്രദേശമാകെ കൂർക്കകൃഷി വ്യാപകമാകാൻ കാരണമായിട്ടുള്ളത്. മണൽ ചേർന്ന ചരലുള്ള മണ്ണായതിനാൽ ഇളക്കം കൂടുതലുണ്ട്. ഇതിനാൽ കൂർക്കയും നന്നായുണ്ടാകുമെന്ന് രണ്ടുപതിറ്റാണ്ടിലേറെയായി കൂർക്കകൃഷി ചെയ്തുവരുന്ന പാടൂർ ചീനിക്കോട്ടെ ഗോപി പറഞ്ഞു.
ഒരാൾതന്നെ നാലും അഞ്ചും ഏക്കർ സ്ഥലത്ത് കൂർക്കകൃഷി ചെയ്യും. വിളവെടുപ്പ് ആദ്യം നടക്കുന്നതും പാടൂർ ചീനിക്കോട്, തോണിക്കടവ് ഭാഗങ്ങളിലാണ്. ഒക്ടോബർ മാസം ആദ്യത്തിൽ വിളവെടുപ്പ് തുടങ്ങി ഡിസംബർവരെ വിളവെടുപ്പ് നീളും. ആദ്യം വിളവെടുപ്പ് നടക്കുന്നതിനാൽ തുടക്കത്തിൽ ഉയർന്നവിലയും ലഭിക്കും.
മണപ്പാടം, കണക്കന്നൂർ, തെന്നിലാപുരം, മാട്ടുമല,തോണിപ്പാടം,അത്തിപ്പൊറ്റ, എരിമയൂർ,ചിതലി, ചൂലന്നൂർ,പഴയന്നൂർ,കല്ലേപ്പുള്ളി, കുമ്പളക്കോട് തുടങ്ങിയ പ്രദേശങ്ങളിലും വലിയതോതിൽ കൂർക്കകൃഷിയുണ്ട്.
Tags : Nattuvishesham Districtnews Deepikanews potato cultivation