സുൽത്താൻ ബത്തേരി: വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി നിർദേശിച്ച തുരങ്കപാത പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് എക്യുമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന ആധുനിക എൻജിനിയറിംഗ് സംവിധാനത്തിൽ തുരങ്കപാത നിർമിക്കണം. കാർഷിക മേഖലയ്ക്കും വിനോദസഞ്ചാരത്തിനും വലിയ പ്രാധാന്യമുള്ള ചുരം വഴി ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ജില്ലയ്ക്ക് പുറത്തേക്കും അകത്തേക്കും സഞ്ചരിക്കുന്നത്.
മാനന്തവാടിയിൽനിന്ന് കുറ്റ്യാടി, പാൽചുരം, പേര്യ, നാടുകാണി, താമരശേരി എന്നീ ചുരങ്ങൾ വഴിയാണ് പ്രധാനമായും പുറംലോകവുമായി ബന്ധപ്പെടുന്നത്. ചുരം പാതകളിലൂടെയുള്ള യാത്ര പലപ്പോഴും ദുർഘടമാകുന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നതുമാണ്.
മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയും ഗതാഗത തടസവും പതിവാണ്. താമരശേരി ചുരത്തിൽ മിക്കപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇതുമൂലം വിമാനയാത്ര ഉൾപ്പെടെയുള്ള അടിയന്തര യാത്രകൾ മുടങ്ങുന്ന സാഹചര്യവുമുണ്ട്.
അത്യാസന്ന നിലയിലുള്ള രോഗികളെ സമയബന്ധിതമായി വിദഗ്ധ ചികിത്സയ്ക്കായി ജില്ലയ്ക്ക് പുറത്തേക്ക് എത്തിക്കുന്നതിനും ചുരത്തിലെ ഗതാഗത തടസങ്ങൾ വെല്ലുവിളിയാകുന്നു.
മുത്തങ്ങ–ഗുണ്ടൽപേട്ട വഴി ചുരം ഒഴിവാക്കി യാത്ര ചെയ്യാനാകുമെങ്കിലും രാത്രിയിൽ യാത്രാ നിയന്ത്രണമുള്ളതിനാൽ ഇത് എല്ലായ്പ്പോഴും പ്രായോഗികമല്ല. മരണം, വിവാഹം, ചികിത്സ, ആംബുലൻസ് യാത്ര തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലും വയനാട്ടിൽനിന്ന് ജില്ലയ്ക്ക് പുറത്തേക്ക് സുഗമമായി സഞ്ചരിക്കാനാകാത്ത സ്ഥിതിയാണെന്ന് ഫോറം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണ് തുരങ്കപാത എന്ന ആശയം പ്രാധാന്യമർഹിക്കുന്നതെന്ന് എക്യുമെനിക്കൽ ഫോറം അഭിപ്രായപ്പെട്ടു. തുരങ്കപാതയുടെ നിർമാണം വേഗത്തിലാക്കുകയും പ്രകൃതിദുരന്തങ്ങളുടെ ആഘാതം പരമാവധി കുറയ്ക്കുന്ന ആധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുകയും വേണമെന്നും ഫോറം ആവശ്യപ്പെട്ടു. എക്യുമെനിക്കൽ ഫോറം പ്രസിഡന്റ് ഫാ. മത്തായി അതിരംപുഴ, സെക്രട്ടറി ഫാ. അനീഷ് പൂമല, ഫാ. തോമസ് മണക്കുന്നേൽ, ഫാ. സാം പ്രകാശ്, ബില്ലിഗ്രഹാം, ഫാ. വിപിൻ, ഫാ. അനീഷ് ജോർജ്, ഫാ. സെബാസ്റ്റ്യൻ കീപ്പള്ളി, ഫാ. അഖിൽ തോമസ്, വി.പി. തോമസ്, പ്രഫ. തര്യത്ത്, വിൻസന്റ് വട്ടപ്പറന്പിൽ, ജോജി മൂലങ്കാവ് എന്നിവർ പ്രസംഗിച്ചു.