ഒറ്റപ്പാലം: ഒറ്റപ്പാലം- ചെർപ്പുളശേരി റൂട്ടിസൽ സ്വകാര്യബസ് ജീവനക്കാർ വീണ്ടും സമരത്തിന്. സർവീസ് നിർത്തിവയ്ക്കാനാണ് ആലോചിക്കുന്നതെന്നു ബസ് ജീവനക്കാർ പറഞ്ഞു. ഉടൻ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും.
തകർന്നപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ബസ് ജീവനക്കാർ സമരരംഗത്തിറങ്ങിയിരുന്നു. റോഡ് തകർച്ച കാരണം ബസുകൾ സ്ഥിരം തകരാറാവുകയാണെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞദിവസം റോഡിലെ കുഴിയിൽചാടി സ്വകാര്യബസിനു കാര്യമായി കേടുപാടുകൾ സംഭവിച്ചിരുന്നു.
ബസിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. വരോട് സെന്ററിൽ ഒറ്റപ്പാലത്തുനിന്ന് ചെർപ്പുളശേരിയിലേക്ക് യാത്രക്കാരുമായിപോയ ബസാണ് ആക്സിൽ ഒടിഞ്ഞ് അപകടത്തിൽപ്പെട്ടത്.
സമീപത്തെ കടയിലേക്ക് ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറാതിരുന്നതു രക്ഷയായി. ട്രിപ്പ് മുടങ്ങിയതോടെ യാത്രക്കാരെയെല്ലാം മറ്റൊരു ബസിൽ കയറ്റിവിടുകയായിരുന്നു.
ആക്സിൽ ഒടിയുകയും ടയർപൊട്ടുകയും ചെയ്യുന്നത് നിത്യസംഭവമാണെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്.
ഓണത്തിനുമുമ്പ് പാത താത്കാലികമായെങ്കിലും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികളും ഉടമകളും ചേർന്ന സംയുക്തസമിതി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നു. നടപടിയില്ലാതായതോടെ സൂചനാസമരവും നടത്തി. എന്നിട്ടും കുഴിയടയ്ക്കൽ നടക്കാതെവന്നതിനാൽ അനിശ്ചിതകാലസമരവും പ്രഖ്യാപിച്ചു.
ഇതിനിടെ കെ. പ്രേംകുമാർ എംഎൽഎ ഇടപെടുകയും റോഡിൽ പലയിടത്തും കുഴിയടയ്ക്കുകയും ചെയ്തു. ഇതോടെ ബസ് തൊഴിലാളികൾ സമരം പിൻവലിച്ചു. എന്നാലിപ്പോൾ അടച്ച സ്ഥലത്തെല്ലാം വീണ്ടും കുഴിയായി.
ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് നവീകരണം പാതിയിൽ മുടങ്ങിയ നിലയിലാണ്. ഇനിയും ഈ പാതയിലൂടെ ഗതാഗതം സാധ്യമല്ലെന്നിരിക്കെയാണ് അനിശ്ചിതകാല സമരത്തെക്കുറിച്ച് ബസ് ജീവനക്കാർ ആലോചിക്കുന്നത്.
Tags : Nattuvishesham Districtnews Deepikanews Another private