ഒറ്റപ്പാലം: ഒറ്റപ്പാലത്ത് വിദ്യാർഥികൾ ഇനി പഠിച്ചാൽമാത്രം പോരാ, വാഹനഗതാഗതംകൂടി നോക്കണം. കമ്യൂണിറ്റി പൊലിസിംഗ് പദ്ധതിയുടെ ഭാഗമായിനടന്ന ജനമൈത്രി സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനം.
ഒറ്റപ്പാലം പൊലിസ്സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരങ്ങളിലാണ് ഇനിമുതൽ വിദ്യാർഥികൾ ട്രാഫിക് നിയന്ത്രണത്തിനുകൂടി നിയോഗിക്കപ്പെടുന്നത്.
ഹയർസെക്കൻഡറി സ്കൂൾ പരിസരങ്ങളിലാണ് വാഹനനിയന്ത്രണത്തിന് വിദ്യാർഥികളെ നിയോഗിക്കുന്നത്. ഒറ്റപ്പാലം ജനമൈത്രി പൊലിസാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. എൻസിസി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവയിലുള്ള വിദ്യാർഥികളെയാണ് പരിശീലനംനൽകി പൊലിസിനൊപ്പം നിയോഗിക്കുക. ബോധവത്കരണ ക്ലാസുകൾക്കൊപ്പം വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം കൂടി ഉറപ്പാക്കലും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഒമ്പത് ഹയർസെക്കൻഡറി സ്കൂളുകളുടെ പരിസരത്താണ് ട്രാഫിക് സുരക്ഷയ്ക്ക് വിദ്യാർഥികളെ നിയോഗിക്കുക. ഒരു സ്കൂളിൽനിന്ന് 20 കുട്ടികൾക്ക് ഇതിനായി പരിശീലനം നൽകാനാണ് തീരുമാനം. അതാത് സ്കൂൾ പരിസരത്തെ ഏറ്റവും അടുത്ത കവലകളിലാണ് ഇവരെയും ട്രാഫിക് നിയന്ത്രണത്തിനുൾപ്പെടുത്തുക.
അധ്യാപകദിനം ആചരിക്കാനും റെസിഡന്റ്ൻസ് അസോസിയേഷനുകൾക്കും വിദ്യാർഥികൾക്കും സുരക്ഷാ, നിയമ അവബോധ ക്ലാസ് നൽകാനും ജനമൈത്രി സുരക്ഷാസമിതി യോഗത്തിൽ തീരുമാനിച്ചു.
റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, അധ്യാപകർ, നേർവഴി പദ്ധതി പ്രവർത്തകർ, എസ്സി- എസ്ടി പ്രമോട്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പോലീസ് ഇൻസ്പെക്ടർ എ. അനന്തകൃഷ്ണൻ ഉദ്ഘാടനംചെയ്തു. നേർവഴി പദ്ധതി കൺവീനർ ടി.പി. പ്രദീപ്കുമാർ അധ്യക്ഷനായി. ജനമൈത്രി സിആർഒ. വിനോദ് ബി. നായർ, ബീറ്റ് ഓഫീസർ ഡി. കിരൺ, ടി.പി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Students in Ottapalam