പിലാക്കാവ്-വട്ടര്‍കുന്ന്-ചിറക്കര റോഡ് തകര്‍ന്ന നിലയില്‍.
മാനന്തവാടി: ടാറിംഗ് കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴേക്കും പിലാക്കാവ്-വട്ടര്‍കുന്ന്-ചിറക്കര റോഡ് തകര്‍ന്നു. മൂന്ന് കിലോമീറ്ററോളം നീളമുള്ള റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
മുന്‍ മന്ത്രി ഒ.ആര്. കേളുവിന്റെ താല്പര്യപ്രകാരം 1.35 കോടി രൂപ വകയിരുത്തി നിര്‍മിച്ച റോഡാണ് അഞ്ചാം മാസത്തില്‍ത്തന്നെ വന്‍ കുഴികള്‍ രൂപപ്പെട്ട് യാത്രക്കാര്‍ക്ക് ഭീഷണിയായി മാറിയത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയായിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നവീകരണം നടത്തിയത്. വലിയ തുക ചെലവഴിച്ചിട്ടും ഒരു വര്‍ഷം പോലും റോഡ് ഉപയോഗിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ടാറിങ് നടന്ന് അഞ്ച് മാസം തികയും മുമ്പ് തന്നെ പലയിടത്തും ടാര്‍ ഇളകിപ്പോവുകയും വലിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിന് പിന്നിലുള്ള ഉദ്യോഗസ്ഥരെയും കരാറുകാരനെയും കണ്ടെത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.