മണർകാട്: ബാഹ്യമായ ആചാരങ്ങൾക്കപ്പുറം ഹൃദയശുദ്ധീകരണവും അടിയുറച്ച ദൈവവിശ്വാസവുമാണ് ക്രൈസ്തവ ജീവിതത്തിന്റെ അന്തഃസത്തയെന്ന് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ്. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയർപ്പിച്ച ശേഷം വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവഹിതത്തിന് പൂർണമായി സമർപ്പിച്ച പരിശുദ്ധ ദൈവമാതാവിന്റെ എളിമയും അനുസരണയും ഓരോ വിശ്വാസിയും മാതൃകയാക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
റവ. ബേസിൽ റമ്പാൻ, ഫാ. തോമസ് മാളിയേക്കൽ എന്നിവർ വചനസന്ദേശം നൽകി. എംഎസ്ഒടി സെമിനാരി ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ ധ്യാനവും നടത്തി.
സേവകാസംഘം പുറത്തിറക്കിയ കത്തീഡ്രലിന്റെ സംക്ഷിപ്തത്തിന്റെ പ്രകാശനം ഗീവർഗീസ് മാർ സ്തേഫാനോസ് കത്തീഡ്രൽ സഹവികാരി ഫാ. എം.ഐ. തോമസ് മറ്റത്തിലിന് നൽകി നിർവഹിച്ചു.
മെറിറ്റ് ഡേയും ആദരിക്കലും
എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടാറുള്ള മെറിറ്റ് ഡേയും ആദരിക്കലും ഇന്നു നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിക്കും. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും.
80 വയസ് തികഞ്ഞ മാതാപിതാക്കളെ ആദരിക്കൽ, മാത്യു കുഴൽനാടൻ എംഎൽഎയും ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും അവാർഡ് വിതരണവും കളക്ടർ ചേതൻ കുമാർ മീണയും സൺഡേസ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും നിർവഹിക്കും. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂർ, ഫാ. ലിറ്റു തണ്ടാശേരിൽ, കത്തീഡ്രൽ ട്രസ്റ്റി പി.എ. സ്കറിയാച്ചൻ പള്ളത്ത് എന്നിവർ പ്രസംഗിക്കും.
മണർകാട് പള്ളിയിൽ ഇന്ന്
കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന - കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മർ ഐറേനിയോസിന്റെ മുഖ്യകാർമികത്വത്തിൽ. രാവിലെ 11ന് പ്രസംഗം - പൗലോസ് മാർ ഐറേനിയോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം - ഫാ. ഗീവർഗീസ് അലക്സ്. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് മെറിറ്റ് ഡേയും ആദരിക്കലും.