നെയ്യാർഡാം : ജലസേചന വകുപ്പ് എൻജിനിയറിംഗ് മ്യൂസിയം ഓണത്തിന് തുറന്ന് നൽകും. നെയ്യാർ ഡാമിൽ തയ്യാറാവുന്ന മ്യൂസിയമാണ് തുറന്ന് നൽകുന്നത്.
ശശികുമാർ സംവിധാനം ചെയ്ത പിക്നിക്ക് എന്ന പ്രേംനസീർ ചിത്രത്തിലെ പിക്നിക്ക് ഹാളിനെയാണ് പുതിയ മ്യൂസിയമാക്കാൻ നടപടി തുടങ്ങിയത്. മുൻപ് വിവാഹങ്ങൾക്കും മറ്റു പരിപാടികൾക്കും പിക്നിക് ഹാൾ പൊതുജനങ്ങൾക്ക് വാടകയ്ക്ക് നൽകിയിരുന്നു.
കാലപ്പഴക്കം കാരണം ഹാൾ പൊളിഞ്ഞ് ഉപയോഗശൂന്യമായതോടെ പൊതു പരിപാടികൾക്ക് ഇവിടെ ആരും എത്താതെയായി. തുടർന്ന് പിക്നിക് ഹാൾ നിലനിറുത്തണം എന്ന ഉദ്ദേശവുമായി മുൻ ചീഫ് എൻജിനിയർ മഹാനുദേവനാണ് എൻജിനിയറിംഗ് മ്യൂസിയം എന്ന ആശയം മുന്നോട്ടുവച്ചത്. ആദ്യകാല എൻജിനിയറിംഗ് ഉപകരണങ്ങൾ സംരക്ഷിച്ചു കൊണ്ട് പുതു തലമുറയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താംഎന്ന ചിന്തയും മ്യൂസിയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ഐഡിആർബി റിസർച്ച് ബോർഡിലും കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചിയിലും ഉപയോഗിച്ചിരുന്ന ആദ്യകാല ഉപകരണങ്ങളാണ് ഇവിടെ പ്രദർശനത്തിന് എത്തിക്കാൻ തീരുമാനിച്ചത്.
Tags : Engineering Museum to open