അപകടത്തിൽ മറിഞ്ഞ ഗ്യാസ് ലോറിയും തകർന്ന ബസും.
വടക്കഞ്ചേരി: വടക്കഞ്ചേരി കെഎസ്ആർടിസി ഡിപ്പോ വഴിക്കടുത്ത് സിഎൻജി ഗ്യാസ് ലോറിയും ബസും കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്കേറ്റു.
ബസിലെ ഡ്രൈവർ അഭിഷേക്, സഹായി, നഞ്ചട്ട സ്വാമി ബസിലെ ഏഴു യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ബസ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം.
വാഹനങ്ങൾ ഓടാനായി ഉപയോഗിക്കുന്ന ഇന്ധനം നിറച്ച 40 സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്കുവന്ന സിഎൻജി വാതകം ഉഗ്രശബ്ദത്തോടെ പുറത്തേക്കുതള്ളി. ഇത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു. ഈ സമയത്താണ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്. യാത്രക്കാരുടെ പരിക്കു ഗുരുതരമല്ല. വടക്കഞ്ചേരി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഗ്യാസ് നിർവീര്യമാക്കി. ഹൈവേ പോലീസും വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.