കർണാടകയിലെ ഗുണ്ടൽപേട്ടയിലെ പൂപ്പാടം.
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതവും നാഗർഹോൾ കടുവാ സങ്കേതവും പിന്നിട്ട് കർണാടകയുടെ അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തിച്ചേരുന്പോൾ നമ്മെ വരവേൽക്കുന്നത് പൂക്കൾ പരവതാനി വിരിച്ച കർണാടകയിലെ ഗ്രാമങ്ങളാണ്. മധൂർ, കക്കൽത്തുണ്ടി, ഗുണ്ടൽപേട്ട്, അങ്കള, ബേഗൂർ തുടങ്ങി ചെറുഗ്രാമങ്ങൾ. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഇവിടം മറ്റൊരു ലോകമായി മാറും. കണ്ണെത്താദൂരത്തോളം മഞ്ഞയും ഓറഞ്ചും ചുവപ്പും വെള്ളയും വയലറ്റും നിറഞ്ഞ പൂപ്പാടങ്ങൾ. കാറ്റിൽ തലോടുന്ന സൂര്യകാന്തിപ്പൂക്കളും ചെണ്ടുമല്ലിപ്പൂക്കളും ഈ ഗ്രാമങ്ങളുടെ സാന്പത്തിക നട്ടെല്ലാണ്.
കാലവർഷം മുന്നിൽ കണ്ട് ആരംഭിക്കുന്ന ഒരുക്കങ്ങൾ
വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ പൂക്കാലത്തിനായി കർഷകരുടെ മാസങ്ങൾക്കുമുന്പേയുള്ള തയാറെടുപ്പുകളുണ്ട്. വയനാട്ടിൽ കാലവർഷം ആരംഭിക്കുമെന്ന സൂചന ലഭിച്ചാൽ മേയ് അവസാനവാരത്തോടെ പച്ചക്കറികളും ധാന്യവിളകളും മാറ്റിവച്ച് ഭൂരിഭാഗം കർഷകരും പൂകൃഷിയിലേക്ക് തിരിയും. മഴ കുറവുള്ള ഈ മേഖലയിലെ കാലാവസ്ഥയും മണ്ണിന്റെ സ്വഭാവവും ജലസേചന സൗകര്യങ്ങളും പൂകൃഷിക്ക് അനുകൂലമാണെന്നതാണ് പ്രധാന കാരണം.
ചെണ്ടുമല്ലി നിറങ്ങൾക്കും വ്യവസായത്തിനും
ഗുണ്ടൽപേട്ട് മേഖലയിലെ പൂകൃഷിയിൽ ഏറ്റവും വലിയ വിഹിതം ചെണ്ടുമല്ലിക്കാണ്. മഞ്ഞ, ഓറഞ്ച്, നിറങ്ങളിലുള്ള ചെണ്ടുമല്ലികൾ ഏക്കറുകണക്കിന് കൃഷി ചെയ്യപ്പെടുന്നു. കേരളത്തിലെ ഓണാഘോഷങ്ങൾക്ക് ആവശ്യമായ പൂക്കളിൽ ഈ മേഖലയുടെ പങ്ക് വളരെ വലുതാണ്.
മേയ് മാസത്തിൽ വിത്തുകൾ പാകും. കാളകളെ ഉപയോഗിച്ച് ഉഴുതുമറിച്ച വയലുകൾ പിന്നീട് ട്രാക്ടറുകൾ ഉപയോഗിച്ച് നിരപ്പാക്കും. ജൂണിൽ തൈകൾ നടും. അരമീറ്റർ അകലത്തിൽ നടുന്നതിലൂടെ വളർച്ചയും വായുസഞ്ചാരവും ഉറപ്പാക്കുന്നു. വിത്ത്, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കർഷക സഹകരണ സംഘങ്ങൾ മുഖേന ലഭ്യമാക്കുന്നു. 60 മുതൽ 90 ദിവസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കും. ഒരു ചെടിയിൽ നിന്ന് പലതവണ പൂക്കൾ ശേഖരിക്കാൻ കഴിയുന്നതിനാൽ തുടർച്ചയായി വരുമാനം ലഭിക്കും.
ജലസേചനം വളരെ കുറച്ച് മതി എന്നതാണ് ചെണ്ടുമല്ലിയുടെ പ്രധാന പ്രത്യേകത. മഴ കുറഞ്ഞ പ്രദേശമായതിനാൽ ഇത് കർഷകർക്ക് വലിയ ആശ്വാസമാണ്. വിപണിയിൽ കിലോയ്ക്ക് 10 മുതൽ 13 രൂപവരെ വില ലഭിക്കുന്ന പൂക്കൾ സഹകരണ സംഘങ്ങളും ശേഖരിക്കുന്നു. ചില വലിയ പെയിന്റ് കന്പനികളും കരാർ കൃഷിരീതിയിൽ വിത്തും വളവും ിതരണം ചെയ്ത് വിളവെടുപ്പിന് ശേഷം പൂക്കൾ നേരിട്ട് ശേഖരിക്കാറുണ്ട്.
സൂര്യകാന്തി എണ്ണയ്ക്കായുള്ള സ്വർണവിള
ഗുണ്ടൽപേട്ട് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ൃഷികളിലൊന്നാണ് സൂര്യകാന്തി. കാറ്റിന്റെ ദിശയും സൂര്യപ്രകാശവും കണക്കിലെടുത്താണ് വയലുകളിൽ നിരകളായി തൈകൾ നടുന്നത്. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് മികച്ച വിളവ് ലഭിക്കുന്നത്. വിത്ത് മുളപ്പിച്ച് ഏകദേശം 20 മുതൽ 25 ദിവസം പ്രായമായ തൈകളാണ് കൃഷിയിടത്തിൽ മാറ്റിനടുന്നത്. അരമീറ്റർ അകലത്തിൽ ചെടികൾ ക്രമീകരിക്കും. ആദ്യഘട്ടത്തിൽ രണ്ടോ മൂന്നോ തവണ കളനീക്കം നടത്തണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ആവശ്യത്തിന് മാത്രം വെള്ളം നൽകും. അധിക ജലസേചനം ഒഴിവാക്കുന്നതാണ് മികച്ച വിളവിന് സഹായകരമെന്ന് കർഷകർ പറയുന്നു.
നട്ടശേഷം 40-45 ദിവസം പിന്നിടുന്പോൾ പൂക്കൾ വിരിയാൻ തുടങ്ങും. പൂർണമായി വിരിഞ്ഞ പൂക്കൾ ഏകദേശം 15 ദിവസം ചെടികളിൽ തന്നെ നിർത്തി സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കും. തുടർന്ന് പൂത്തലകൾ മുറിച്ചെടുത്ത് വിത്തുകൾ വേർതിരിക്കും. റൈസ് മില്ലുകളിലെ പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ചാണ് വിത്ത് ശുദ്ധീകരിക്കുന്നത്.
ഒരു ഏക്കറിൽ നിന്ന് ശരാശരി 200 മുതൽ 300 കിലോഗ്രാം വരെ വിത്ത് ലഭിക്കും.വിപണിയിൽ കിലോയ്ക്ക് ഏകദേശം 50 രൂപവരെ കർഷകർക്ക് ലഭിക്കുന്നു. നാല് കിലോഗ്രാം വിത്തിൽ നിന്ന് ഒരു കിലോഗ്രാം സൂര്യകാന്തി എണ്ണ ഉത്പാദിപ്പിക്കാം. പ്രാദേശിക വിപണിയിൽ ഒരു കിലോഗ്രാം സൂര്യകാന്തി എണ്ണയ്ക്ക് 300 രൂപയോളം വില ലഭിക്കുന്നുണ്ട്. കുറഞ്ഞ പരിപാലനച്ചെലവാണ് സൂര്യകാന്തി കൃഷിയുടെ നേട്ടം. മറ്റ് എണ്ണവിളകളെ അപേക്ഷിച്ച് രോഗബാധയും കീടശല്യവും കുറവായതിനാലാണ് ഉത്പാദനച്ചെലവ് കുറഞ്ഞിരിക്കുന്നത്.
വാടാമുല്ലയ്ക്കും ആവശ്യക്കാരേറെ
ചെണ്ടുമല്ലിക്കൊപ്പം വെള്ളയും വയലറ്റും നിറങ്ങളിലുള്ള വാടാമുല്ലയും കർഷകർ വ്യാപകമായി കൃഷി ചെയ്യുന്നു. വിവാഹങ്ങൾ, ആഘോഷങ്ങൾ, ക്ഷേത്രോത്സവങ്ങൾ, അലങ്കാര ആവശ്യങ്ങൾ എന്നിവയ്ക്കായി ഈ പൂക്കൾക്ക് ആവശ്യക്കാരേറെയാണ്. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പ്രതിദിനം ലോറിയുകളിലാണ് പൂക്കൾ എത്തിക്കുന്നത്. ഓണക്കാലത്ത് വ്യാപാരികൾ നേരിട്ടെത്തി പൂക്കൾ വാങ്ങുന്നത് ഈ മേഖലയിലെ പതിവ് കാഴ്ചയാണ്. പൂക്കളുടെ ഗുണനിലവാരമനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
പൂക്കൾ വിരിയുന്പോൾ ഉണരുന്ന ഗ്രാമങ്ങൾ
വർഷം മുഴുവൻ വലിയ വരുമാനമില്ലാത്ത നിരവധി കുടുംബങ്ങൾക്ക് ഈ ജൂലൈ, ഓഗസ്റ്റ് മാസത്തെ പൂക്കാലമാണ് പ്രധാന വരുമാന്രോതസ്. പ്രകൃതിയുടെ നിറങ്ങൾ മാത്രം അല്ല, പ്രതീക്ഷയും അധ്വാനവും ചേർന്നാണ് ഈ ഗ്രാമങ്ങൾ ഓരോ വർഷവും പൂക്കളെ വിളയിക്കുന്നത്. വയനാടിന്റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഈ കർണാടക ഗ്രാമങ്ങൾ തെളിയിക്കുന്നത് കാലാവസ്ഥയും വിപണിയും കൃത്യമായി മനസിലാക്കി കൃഷിരീതി മാറ്റിയാൽ മികച്ച വരുമാനം നേടാമെന്ന സത്യമാണ്. കുറഞ്ഞ ജലലഭ്യതയിലും മികച് ആസൂത്രണത്തിലൂടെ പൂകൃഷിയെ വരുമാനവിളയാക്കി മാറ്റിയ ഇവരുടെ മാതൃക കേരളത്തിലെ കർഷകർക്കും പ്രചോദനമാകുന്ന ഒന്നാണ്.