ലോകഹൃദയ ദിനാചരണം കളക്ടര്‍ എ. നിസാമുദീന്‍ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ഹൃദയാഘാതം ഉള്‍പ്പടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ജീവന് രക്ഷിക്കുന്നതിനായി സിപിആര്‍ അഥവാ ഹൃദയ ശ്വാസകോശ പുനരുജീവനം നല്‍കാനുള്ള അടിസ്ഥാന അറിവ് സമൂഹത്തിലെ എല്ലാവര്ക്കും ഉണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍.
ജില്ലാ മെഡിക്കല്‍ ഓഫിസ് ആരോഗ്യം, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോകഹൃദയ ദിനാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹൃദയസ്തംഭനം സംഭവിക്കുന്ന ആദ്യ ഏതാനും മിനിറ്റുകള്‍ നിര്‍ണായകമാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സഹായം ലഭിക്കുന്നതിന് മുമ്പ് സമീപത്തുള്ള ഒരാള്‍ക്ക് കൃത്യമായി സിപിആര്‍ നല്കാന് കഴിഞ്ഞാല്‍ ജീവന് രക്ഷിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ധിക്കും. അതിനാല്‍ പൊതുജനങ്ങള്‍ക്ക് സിപിആര്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന ജീവന്‍രക്ഷാ മാര്‍ഗങ്ങളില്‍ പരിശീലനം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് പൈകട ബോധവത്കരണ ക്ലാസ് നയിച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹരികുമാര്‍ സിപിആര്‍ നല്കേണ്ടതു സംബന്ധിച്ച് പരിശീലനം നല്കി. ആരോഗ്യവകുപ്പ് ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. കെ. ജീവന്, എഡിഎം ആര്. രാജലക്ഷ്മി, ജില്ലാ ആര്‍സ എച്ച് ഓഫിസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍മാരായ ആര്. ദീപ, എം.പി. ബിജുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുമ്പമണ്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സൂംബ പരിശീലക ശില്പയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്കായി സൂംബ പരിശീലനം നല്കി. ഇലന്തൂര്‍ നഴ്സിംഗ് സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് സ്കിറ്റും ശ്രദ്ധേയമായി.