കഴക്കൂട്ടം : പോത്തൻകോട് ജനവാസ മേഖലകളിൽ കൃഷിനാശം വരുത്തി വിഹരിച്ച 30 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പഞ്ചായത്ത് നിയോഗിച്ച ദൗത്യസംഘമാണ് കാട്ടുപന്നി വേട്ട നടത്തിയത്. അയിരൂപ്പാറ, കല്ലൂർ, മേലെവിള, തച്ചപ്പള്ളി കല്ലുവെട്ടി എന്നിവിടങ്ങളിലാണ് പന്നികളെ വെടിവച്ചു കൊന്നത്.
പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഒട്ടുമിക്ക കൃഷിയിടങ്ങളിലും വാഴയും കപ്പയുമുൾപ്പെടെയുള്ളവ കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവായി രുന്നു. ഇതുമൂലം പ്രദേശത്തു കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു കർഷകർ. ജനവാസ മേഖലകളിൽ കാട്ടുപന്നി ഇടിച്ചു ആളുകൾക്ക് പരുക്കേറ്റ സംഭവങ്ങളും വർധിച്ചിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നി ബൈക്കിൽ ഇടിച്ച് പാച്ചിറ സ്വദേശിക്കു പരിക്കേറ്റിരുന്നു.
തുടർന്നാണ് കാട്ടുപന്നി വേട്ട ഊർജിതമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു, വൈസ് പ്രസിഡന്റ് എസ്. ഷിബു എന്നിവർ പറഞ്ഞു. എസ്.എസ്. വൈശാഖ്, ജ്വാൻ സിറിൽ, എസ്.ആർ. രാകേഷ്, നിഖിൽ പ്രദീപ് എന്നിവരടങ്ങുന്ന ഷൂട്ടർമാരാണ് വേട്ടയ്ക്കു നേതൃത്വം നൽകിയത്. കോർപറേഷൻ അതിർത്തി പ്രദേശമായ ചന്തവിള, കാട്ടായിക്കോണം, സൈനിക സ്കൂൾ, കഴക്കൂട്ടം തുടങ്ങിയ വാർഡുകളിൽ നിന്നായി 200 ഓളം പന്നി കളെയും നേരത്തെ വെടിവച്ചു കൊന്നു.
മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും നാശംവിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അതതു തദ്ദേശ സ്ഥാപനങ്ങൾ ഉത്തരവിട്ടാണ് വേട്ട നടത്തുന്നത്. തോക്ക് ലൈസൻസുള്ള വനംവകുപ്പ് എംപാനൽ ചെയ്തവരാണ് കാട്ടുപന്നികളെ വെടിവയ് ക്കുന്നത്. കൊന്നശേഷം മഹസർ തയാറാക്കി പോസ്റ്റുമോർട്ടം നടത്തി കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായാണ് സംസ്കരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
Tags : Local News Nattuvishesham Thiruvananthapuram