പയ്യന്നൂർ: കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ ആക്രമിച്ച് കാറും സ്വർണവും കവർന്നു. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയ്യന്നൂരിലെ ഗോള്‍ഡന്‍ ജ്വല്ലറി ഉടമ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി വികാസ് ധനവഡ്, ഭാര്യ രൂപാലി, മകന് വിപുല്‍ എന്നിവരെയാണ് മൂന്ന് കാറുകളിലെത്തിയ ഏഴംഗ മുഖംമൂടി സംഘം ആക്രമിച്ച് സ്വര്‍ണവും കാറും തട്ടിക്കൊണ്ടുപോയത്.
മഹാരാഷ്ട്രയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മംഗളൂരു സൂറത്കലിന് സമീപം ബൈക്കംപാടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വികാസിനെ കാറില്‍നിന്ന് വലിച്ചിറക്കിയ സംഘം ഭാര്യയും മകനുമുള്ള കാര്‍ ഓടിച്ചുപോകുകയായിരുന്നു. രണ്ടു കിലോമീറ്ററോളം അകലെയുള്ള പനമ്പൂര്‍ ബീച്ച് റോഡില്‍ ഇവരെ ഇറക്കിവിട്ടശേഷം കാറും കാറില്‍ സൂക്ഷിച്ച 180 ഗ്രാം സ്വര്‍ണവുമായി സംഘം കടന്നുകളഞ്ഞു. ആക്രമണത്തില്‍ വികാസിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റതിനെത്തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സതേടി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സുധീര്‍കുമാര്‍ റെഡ്ഢി മാധ്യമങ്ങളോട് പറഞ്ഞത്.
ഈ മാസം രണ്ടിന് സമാനമായ രീതിയില്‍ എടാട്ട് ദേശീയപാതയില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ വിളയാട്ടമുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ സ്വര്‍ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ തട്ടിയെടുത്തായിരുന്നു കവര്‍ച്ച.
സ്വര്‍ണവും പണവുമുള്‍പ്പെടെ കോടികളുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പാപ്പിനിശേരി അഞ്ചാം പീടിക പാറക്കടവ് സ്വദേശി പി. സനു സന്തോഷിനെ(37) അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
Tags : Nattuvishesham Districte News