തൃശൂർ: മഴക്കാലം ആരംഭിച്ചതോടെ നെഞ്ചിടിപ്പേറിയ കുറുപ്പം റോഡിലെ വ്യാപാരികൾക്കും നാട്ടുകാർക്കും ആശ്വാസമായി കാനനിർമാണം തുടങ്ങി. ഇന്നലെ രാവിലെ ജെസിബി ഉപയോഗിച്ച് സ്ലാബുകൾ നീക്കിയാണ് പ്രവൃത്തി ആരംഭിച്ചത്.
മുൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് 10 കോടി രൂപ ചെലവഴിച്ച് രണ്ടു കിലോമീറ്റർ കോണ്ക്രീറ്റ് റോഡ് നിർമിച്ചെങ്കിലും, മെട്രോ ജംഗ്ഷനിൽമാത്രമാണ് കാന പണിതത്. നടപ്പാതയും കാനയുമില്ലാത്ത അശാസ്ത്രീയനിർമാണംമൂലം കഴിഞ്ഞ വർഷങ്ങളിലുണ്ടായ ശക്തമായ വെള്ളക്കെട്ടിൽ വ്യാപാരികൾക്കു വൻസാന്പത്തികനഷ്ടം സംഭവിച്ചിരുന്നു.
മഴയ്ക്കുമുന്പ് പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ, മുൻഭരണസമിതിയുടെ പിടിപ്പുകേട് ഉയർത്തിക്കാട്ടിയാണ് നിലവിലെ ഭരണസമിതി പ്രതിരോധിച്ചത്. ഇത്തവണ ഫെബ്രുവരിയിൽതന്നെ മഴക്കാലപൂർവ പ്രവൃത്തികൾ ആസൂത്രണംചെയ്ത കോർപറേഷൻ രണ്ടരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഭൂഗർഭ കേബിളുകൾ ഉയർത്തുന്ന സാന്പത്തികനഷ്ടം ഭയന്ന് കരാറുകാർ ടെൻഡർ എടുക്കാൻ മടിച്ചിരുന്നു. ഒടുവിൽ പുതിയ കരാറുകാരൻ എത്തിയതോടെയാണ് നിർമാണം ദ്രുതഗതിയിലായത്.
അതേസമയം, വരുംദിവസങ്ങളിൽ അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ നിർമാണപ്രവർത്തനങ്ങൾ പാതിവഴിയിൽ നിലയ്ക്കുമോ എന്ന ആശങ്കയുമുണ്ട്. നിർമാണം അടിയന്തരപ്രാധാന്യത്തോടെ നടപ്പാക്കുമെന്നും ആറിനു വൈകീട്ട് അഞ്ചിന് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കുമെന്നും ഡെപ്യൂട്ടി മേയർ എ. പ്രസാദ് അറിയിച്ചു.
Tags : Finally afforestation