ചെങ്ങന്നൂർ: മകളുടെ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപ് കുടുംബനാഥനെ കാറിടിച്ചുവീഴ്ത്തി നിർത്താതെ പോയ സംഭവത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കുന്നതായി പരാതി. പുലിയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ തോനക്കാട് ആദിത്യ ഭവനത്തിൽ അനിൽകുമാറാണ് (45) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ കഴിയുന്നത്. കഴിഞ്ഞ മേയ് പതിനൊന്നിന് രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ മാവേലിക്കര തട്ടാരമ്പലം ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.
കെഎസ്ഇബി താത്കാലിക ജീവനക്കാരനായ അനിൽകുമാറിനെ ഇടിച്ചിട്ടശേഷം സ്വിഫ്റ്റ് കാർ നിർത്താതെ പോകുകയായിരുന്നു. ചോര വാർന്നുകിടന്ന ഇദ്ദേഹത്തെ ഹരിപ്പാട്ടുനിന്നും വന്ന ആംബുലൻസ് ജീവനക്കാരാണ് മാവേലിക്കര ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലുമെത്തിച്ചത്.
തുടർചികിത്സ പ്രതിസന്ധിയിൽ
ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിന്റെ കാലിലെ ഒരു വിരൽ മുറിച്ചുമാറ്റി. മറ്റ് മൂന്നു വിരലുകളിലെ അസ്ഥികൾ തകർന്ന നിലയിൽ കമ്പിയിട്ടിരിക്കുകയാണ്. പല്ലുകൾ കൊഴിയുകയും മുഖത്ത് ആഴത്തിൽ പരിക്കേൽക്കുകയും ചെയ്ത ഇദ്ദേഹത്തിന് ഇനിയും പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള തുടർചികിത്സകൾ ആവശ്യമാണ്.
ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഭീമമായ തുകയ്ക്കുള്ള മരുന്നുകൾ പൂർണമായും പുറത്തുനിന്നാണ് വാങ്ങുന്നത്. ദിവസേനയുള്ള ഡ്രസിംഗിനായി കിലോമീറ്ററുകൾ സഞ്ചരിച്ച് ആശുപത്രിയിൽ പോകേണ്ട അവസ്ഥയിലാണിപ്പോൾ ഈ കുടുംബം.
ജപ്തി ഭീതിയിൽ കുടുംബം
കഴിഞ്ഞ ഏപ്രിൽ ഇരുപത്തിയാറിനായിരുന്നു അനിൽകുമാറിന്റെ മൂത്തമകളുടെ വിവാഹം. ഇതിനായി വിവിധ ബാങ്കുകളിൽനിന്നും മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽനിന്നുമായി ഏഴു ലക്ഷത്തോളം രൂപയാണ് കുടുംബം കടമെടുത്തിട്ടുള്ളത്. ഇതിന്റെ പ്രതിവാര-പ്രതിമാസ തിരിച്ചടവുകൾ മുടങ്ങിയതോടെ കുടുംബം കടുത്ത മാനസിക സമ്മർദത്തിലാണ്. ആയുർവേദ നഴ്സായി ജോലി ലഭിച്ച ഇളയ മകൾക്ക് അച്ഛന്റെ അപകടത്തെ ത്തുടർന്ന് ജോലിക്ക് പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല.
വരുമാനം പൂർണമായി നിലച്ചതോടെ വരുംദിവസങ്ങളിൽ എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് അനിലിന്റെ ഭാര്യ നിഷയും മക്കളും.
ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടും നടപടിയില്ല
അപകടം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ മാവേലിക്കര പോലീസ് തയാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആക്ഷേപം. സ്റ്റേഷനിൽ അന്വേഷിച്ചുചെല്ലുമ്പോൾ ഒഴുക്കൻ മറുപടികൾ നൽകി മടക്കുകയാണ് ചെയ്യുന്നത്. തട്ടാരമ്പലം ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താമെന്നിരിക്കേ പോലീസ് കാണിക്കുന്ന മെല്ലെപ്പോക്ക് നയം സംശയങ്ങൾക്കിടയാക്കുന്നുണ്ടന്ന് ആക്ഷേപമുണ്ട്.
അപകടമുണ്ടാക്കിയ വാഹനം എത്രയും വേഗം കണ്ടെത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ഈ കുടുംബത്തെ ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കാൻ അധികാരികൾ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
സ്റ്റേഷനിൽ ചെന്നപ്പോൾ അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, പോലീസ് ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികൾ ഉണ്ടായിട്ടുള്ളതായി അറിവില്ല. അഭിഭാഷകന്റെ നിർദേശപ്രകാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും ചെങ്ങന്നൂർ ഡിവൈഎസ്പിക്കും നേരിട്ട് പരാതി നൽകി.
അവിടെയുള്ള ഉദ്യോഗസ്ഥർ മാവേലിക്കര സ്റ്റേഷനിലേക്ക് വിളിച്ചു ചോദിച്ചപ്പോഴും അന്വേഷിക്കുന്നുണ്ടെന്ന മറുപടിയാണ് നൽകിയത്. എന്നാൽ, ഇന്നുവരെ ഞങ്ങളെ ബന്ധപ്പെടാനോ വണ്ടി കണ്ടെത്താനോ പോലീസ് തയാറായിട്ടില്ല.ഞങ്ങൾക്ക് സ്വാധീനമില്ലാത്തതുകൊണ്ടാകാം ഈ അവഗണന- അനിൽ കുമാറിന്റെ ഭാര്യ നിഷ.
Tags : nattu vishesham finger was amputated