തണ്ണിത്തോട് സെന്റ് ബനഡിക്ട് എംഎസ് സി ഹൈസ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിൽ നഷ്ടപ്പെട്ട നിലയിൽ.
കോന്നി: കനത്ത മഴയിലും കാറ്റിലും തണ്ണിത്തോട്ടിൽ സ്കൂൾ കെട്ടിടത്തിന് വൻ നാശനഷ്ടം. തണ്ണിത്തോട് സെന്റ് ബെനഡിക്ട് എംഎസ് സി ഹൈസ്കൂളിന്റെ രണ്ടാംനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് പൂർണമായും ഇളകിമാറി സമീപത്തെ പാണതലയ്ക്കൽ വീടിന് മുകളിലേക്കു പതിച്ചത്. മുകളിൽ പതിച്ചത്. ഞായറാഴ്ചയായതിനാൽ സ്കൂളിന് അവധിയായിരുന്നതുകൊണ്ട് അപകടങ്ങൾ ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ വലിയ ശബ്ദത്തോടെ കെട്ടിടത്തിന്റെ മേൽക്കൂരയാകെ ഇളകി മാറുകയായിരുന്നു. ഹൈസ്കൂൾ വിഭാഗം ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയാണ് കാറ്റിൽ പറന്നുപോയത്. മേൽക്കൂരയിലെ ഷീറ്റുകളും ഇരുമ്പ് തൂണുകളും ഉൾപ്പെടെയുള്ളവ സമീപത്തെ പറമ്പുകളിലേക്കും വഴികളിലേക്കും തെറിച്ചുവീണു.
ഷീറ്റുകൾ സമീപത്തെ വീടിന്റെ മേൽക്കൂരയിലും പതിച്ചു. മേൽക്കൂര വീണ വീട്ടിൽ ആൾതാമസം ഇല്ലാതിരുന്നതും തുണയായി. ഈ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും വീശിയടിച്ചതാണ് സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയത്.
സ്കൂളിനു വൻ നാശനഷ്ടം
നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന ഹൈസ്കൂളിൽ ഇന്നലെ അവധിയായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. ഞായറാഴ്ചയായതിനാൽ ക്ലാസ് മുറികളിലോ സ്കൂൾ പരിസരത്തോ ആരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നതിനു പുറമേ, ക്ലാസ് മുറികളിലേക്ക് മഴവെള്ളം കുത്തിയൊലിച്ചിറങ്ങി കംപ്യൂട്ടറുകൾ, ഫർണിച്ചറുകൾ, പാഠപുസ്തകങ്ങൾ, മറ്റ് രേഖകൾ എന്നിവയ്ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മേൽക്കൂര പൂർണമായി ഇളകി മാറുകയായിരുന്നു. അഞ്ച് ക്ലാസ് മുറികളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. സംഭവമറിഞ്ഞ് സ്കൂൾ അധികൃതരും പോലീസും നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തി. നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് സ്കൂൾ ഉപകരണങ്ങളും പുസ്തകങ്ങളും ഫർണിച്ചറുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കി. വരും ദിവസങ്ങളിൽ ക്ലാസുകൾ എങ്ങനെ പുനഃക്രമീകരിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും. മേൽക്കൂര പുനർനിർമിക്കാൻ അടിയന്തര സർക്കാർ സഹായം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.