കൊച്ചി: മഴക്കാലത്ത് ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്പത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്ന ഊത്തപിടിത്തത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കി ഫിഷറീസ് വകുപ്പ്. മത്സ്യങ്ങളുടെ പ്രജനന കാലയളവായ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഊത്തപ്പിടിത്തം തടയുന്നതിനായി ജില്ലയിലുടനീളം പട്രോളിംഗ് സംഘം പരിശോധന ശക്തമാക്കി. കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ നിയമ പ്രകാരമാണ് മത്സ്യങ്ങളുടെ മുട്ടയിടല്‍ കാലത്ത് നടത്തുന്ന ഊത്തപിടിത്തം നിരോധിച്ചിരിക്കുന്നത്.
മണ്‍സൂണ്‍ കാലത്ത് മത്സ്യങ്ങളുടെ പ്രജനനം നടക്കുമ്പോള്‍, വെള്ളമൊഴുകുന്ന വഴിയില്‍ തടസം വരുത്തിയും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടുന്നത് മത്സ്യ വംശനാശത്തിന് കാരണമാകും. നിയമം ലംഘിച്ച് ഊത്തപിടിത്തം നടത്തുന്നവര്‍ക്ക് ആറുമാസം വരെ തടവോ 10000 രൂപ വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അടക്കംകൊല്ലി വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, 20 മില്ലീമീറ്ററില്‍ കുറഞ്ഞ കണ്ണിവലിപ്പമുള്ള വലകളുടെ ഉപയോഗം, വൈദ്യുതി കടത്തിവിട്ടുള്ള മത്സ്യബന്ധനം, തോട്ട പൊട്ടിക്കല്‍, വിഷം കലക്കല്‍ തുടങ്ങിയ എല്ലാവിധ ഊത്തപിടിത്ത രീതികള്‍ക്കും നിരോധനം ബാധകമാണ്.
ജില്ലയിലെ ജലാശയങ്ങളില്‍ എവിടെയെങ്കിലും ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ തൊട്ടടുത്തുള്ള മത്സ്യഭവനുകളിലോ വിവരമറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam