തൊടുപുഴ: സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഫിറ്റ്നസ് പരിശോധന ജില്ലയില്‍ തുടരുന്നു. ജൂണ്‍ ഒന്നിനുതന്നെ സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ അതിനു മുമ്പുതന്നെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി എന്‍ഒസി ലഭിക്കാനുള്ള തയാറെടുപ്പിലാണ് തദ്ദേശ സ്ഥാപനങ്ങളും സ്കൂള്‍ അധികൃതരും. തദ്ദേശ വകുപ്പ് എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന നടത്തുന്നത്. ഇതിനു പുറമേ കെഎസ്ഇബി, വനംവകുപ്പ്, പോലീസ് എന്നിവരും പരിശോധനയുടെ ഭാഗമാകും.
ജില്ലയിലാകെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് മേഖലകളിലായി 484 സ്കൂളുകളാണുള്ളത്. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ക്ഷമത പരിശോധന തുടര്‍ന്നു വരികയാണ്. കാലഹരണപ്പെട്ടതും അപകടകരമായ നിലയിലുള്ളതുമായ കെട്ടിടങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കില്ല.
തകരാറിലായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണം. നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായി ഇവിടം മറച്ചുകെട്ടുകയും ഇവിടേയ്ക്ക് വിദ്യാര്‍ഥികള്‍ പ്രവേശിക്കാതിരിക്കാന്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യണം.
പരിശോധന പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി കെ.സ്മാര്‍ട്ട് വഴി അപ്ലോഡ് ചെയ്താല്‍ മാത്രമേ സ്കൂള്‍ തുറക്കാന്‍ അനുമതി നല്‍കൂ. ഇത്തവണ ഒരു സ്കൂളും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ വകുപ്പില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.ആര്. ഗീത പറഞ്ഞു. എല്ലാ വര്‍ഷവും സ്കൂള്‍ കെട്ടിടങ്ങള്‍ പരിശോധന നടത്തി എന്‍ഒസി വാങ്ങണമെന്നാണ് നിര്‍ദേശം. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.
കെട്ടിടങ്ങളുടെ പരിശോധനയ്ക്കു പുറമേ പരിസര ശുചീകരണവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇഴജന്തുക്കളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനായി പരിസരങ്ങളിലെ കാടുകളും കുറ്റിച്ചെടികളും വെട്ടിനീക്കും. ഇഴജന്തുക്കള്‍ കയറാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്നും ഉറപ്പാക്കണം. സ്കൂളുകളുടെ സമീപം അപകടകരമായ രീതിയില്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നില്ലെന്ന് വൈദ്യുതി വകുപ്പ് അധികൃതരും പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കണം.
ട്രാഫിക് പോലീസിന്റെ സഹായത്തോടെ സ്കൂളുകൾക്കു മുന്നില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കണം. വീട്ടില്‍നിന്നു സ്കൂളിലേയ്ക്കും തിരികെയും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുമ്പോള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സ്വകാര്യ വാഹനങ്ങള്‍, പൊതുവാഹനങ്ങള്‍, സ്കൂള്‍ വാഹനങ്ങള്‍ എന്നിവയില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
സ്കൂളിന് സമീപം റോഡിന് ഇരുവശവും ഹമ്പുകള്‍, സ്പീഡ് ബ്രേക്കറുകള്‍ എന്നിവയും ക്രമീകരിക്കണം. ബസ് യാത്രയില്‍ കുട്ടികളെ കൃത്യമായ സ്റ്റോപ്പുകളില്‍ ഇറക്കുന്നതിനും കയറ്റുന്നതിനും ആവശ്യമായ ക്രമീകരണം ഒരുക്കണം. സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മോട്ടോര്‍ വാഹന വകുപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സ്കൂള്‍ തുറക്കുന്ന ദിവസംതന്നെ ഉച്ചഭക്ഷണ വിതരണവും ആരംഭിക്കും. സ്കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ എന്നിവ അണുവിമുക്തമാക്കണം. പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ജൂണ്‍ ഒന്നിന് ശാന്തിഗ്രാം ഗവ. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
Tags : nattu vishesham Fitness test schools