പത്തനംതിട്ട: ആർസിസിയിലും മറ്റും ചികിത്സ തേടിയ അർബുദ രോഗികൾക്കാവശ്യമായ മരുന്നുകൾ പത്തനംതിട്ട ഇഎസ്ഐ ഡിസ്പെൻസറി മുഖേന വിതരണം ചെയ്യണമെന്നാവശ്യം. കാൻസർ രോഗത്തിനു ആർസിസിയിൽ ചികിത്സ തേടിയവർക്ക് തുടർചികിത്സ കോഴഞ്ചേരി ജില്ലാ ആശുപത്രിയോടു ചേർന്ന കാൻസർ ചികിത്സാ കേന്ദ്രത്തിൽ ലഭ്യമായിരുന്നു. എന്നാൽ അവിടെയും അത്യാവശ്യ മരുന്നുകൾ ഇല്ലാത്ത സ്ഥിതിയാണ്.
ഇഎസ്ഐ പരിധിയിലുള്ള രോഗികൾ മരുന്ന് വാങ്ങാൻ കോട്ടയം വടവാതൂർ ഇഎസ്ഐ ആശുപത്രിവരെ പോകണം. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി മരുന്ന് വാങ്ങിയാലും അതിന്റെ കടലാസുകൾ ശരിയാക്കാനും വടവാതൂർവരെ പോകണം.
അർബുദ ചികിത്സയ്ക്കു പുറമേനിന്ന് വൻ തുക ചെലവഴിച്ചാണ് മരുന്ന് വാങ്ങേണ്ടിവരുന്നത്. പത്തനംതിട്ടയിലെ ഇഎസ്ഐ ഡിസ്പെൻസറിയിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തി ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് ആവശ്യം.
ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റാന്നി അങ്ങാടി സ്വദേശി ആരോഗ്യമന്ത്രി, ആന്റോ ആന്റണി എംപി, പഴകുളം മധു എംഎൽഎ, ഇഎസ്ഐ ജോയിന്റ് ഡയറക്ടർ എന്നിവർക്കു പരാതി നൽകി.