ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിന് ദേശീയ ആരോഗ്യ മിഷൻ (എൻഎച്ച്എം) നടപ്പാക്കുന്ന ‘ലക്ഷ്യ’ പദ്ധതിയുടെ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. പുനർമൂല്യനിർണയത്തിൽ 96.5 ശതമാനം മാർക്ക് നേടിയാണ് മെഡിക്കൽ കോളജ് ഈ നേട്ടം സ്വന്തമാക്കിയത്.
പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ പ്രസവമുറികളുടെയും മാതൃത്വ ശസ്ത്രക്രിയ തിയറ്ററുകളുടെയും സേവന നിലവാരം വിലയിരുത്തി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങൾക്കാണ് ‘ലക്ഷ്യ ’ഗുണനിലവാര സർട്ടിഫിക്കേഷൻ നൽകുന്നത്. ഗർഭിണികൾക്ക് സുരക്ഷിതവും മാന്യവും ഗുണമേന്മയുള്ളതുമായ പ്രസവപരിചരണം ഉറപ്പാക്കുകയും മാതൃ-നവജാത ശിശു മരണനിരക്ക് കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2017ൽ ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി പദ്ധതി ആരംഭിച്ചിരുന്നു.
2022ലാണ് കോട്ടയം മെഡിക്കൽ കോളജിന് ആദ്യമായി ‘ലക്ഷ്യ ’ അംഗീകാരം ലഭിച്ചത്. കേരളത്തിൽ ഈ അംഗീകാരം നേടിയ ആദ്യ സർക്കാർ മെഡിക്കൽ കോളജും കോട്ടയം മെഡിക്കൽ കോളജായിരുന്നു. നിലവിലെ പുനർമൂല്യനിർണയത്തിലും ഉയർന്ന സ്കോർ നിലനിർത്തി അംഗീകാരം പുതുക്കാൻ സ്ഥാപനത്തിന് സാധിച്ചു.
ഗൈനക്കോളജി വിഭാഗത്തിന്റെ ഒപി, അത്യാഹിത വിഭാഗം, പ്രസവമുറി, ഓപ്പറേഷൻ തിയറ്റർ, വാർഡുകൾ എന്നിവയുടെ പ്രവർത്തന മികവും സേവന നിലവാരവും ദേശീയതല വിദഗ്ധ സമിതി വിശദമായി വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയത്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ ആരോഗ്യ മിഷൻ 96.5 ശതമാനം മാർക്കോടെ ഗുണനിലവാര അംഗീകാരം പ്രഖ്യാപിച്ചു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീനാകുമാരി, നോഡൽ ഓഫീസർമാരായ ഡോ. അക്ക പ്രിയ വർഗീസ്, ഡോ. അജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലും സെൻട്രൽ ക്വാളിറ്റി വിംഗിന്റെയും സീനിയർ നഴ്സിംഗ് ഓഫീസർമാരായ നൈസ്മോൾ ജോർജ്, ബിജോ ലൂക്കോസ് എന്നിവർ നയിക്കുന്ന മുഴുവൻ ടീമിന്റെയും കൂട്ടായ പ്രവർത്തനഫലമായാണ് ഈ നേട്ടം കൈവരിച്ചത്.
ഗൈനക്കോളജി വിഭാഗത്തിന്റെ സേവന മികവിനും രോഗീകേന്ദ്രീകൃത പരിചരണത്തിനും ഉയർന്ന നിലവാരമുള്ള ആരോഗ്യസേവനങ്ങൾക്കുമുള്ള ദേശീയതല അംഗീകാരമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.
Tags : nattu vishesham Kottayam Medical College receives national