ചെറായി: മുനമ്പം ഫിഷറീസ് ഹാർബറിന്റെ നവീകരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എട്ടിന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ യോഗം വിളിക്കുമെന്ന് ഹൈബി ഈഡൻ എംപി അറിയിച്ചു. തുടർനടപടികൾ ആവശ്യപ്പെട്ട് എംഎൽഎ ടോണി ചമ്മിണിയുടെ സാന്നിധ്യത്തിൽ എംപി മന്ത്രിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്.
നവീകരണം സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം കോഴിക്കോട് എൻഐടി 200 കോടി രൂപയുടെ വിശദമായ ഒരു പദ്ധതി രേഖ തയാറാക്കിയിരുന്നു. ഇത് അടിയന്തര പ്രാധാന്യത്തോടെ കേന്ദ്രസർക്കാരിൽ സമർപ്പിച്ച് പദ്ധതിക്ക് ആവശ്യമായ തുക അനുവദിപ്പിക്കണമെന്ന് എംപി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യനുമായി സംസ്ഥാന ഫിഷറീസ് മന്ത്രിയെ ബന്ധപ്പെടുത്തിയതായും ഹൈബി ഈഡൻ എംപി അറിയിച്ചു.
Tags : Local News Nattuvishesham Ernakulam