തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ "വിദ്യാവന'ത്തില്‍ സന്ദര്‍ശനം നടത്തുന്ന വിദ്യാർഥികൾ.
പെരുമ്പാവൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2022 ല്‍ നിര്‍മിച്ച "വിദ്യാവനം' ഇന്ന് പരിസ്ഥിതി പാഠങ്ങളുടെ മനോഹര കാഴ്ചയാണ് ശുദ്ധമായ ഓക്സിജന്‍ ഹബ്ബായി ഈ വനപ്രദേശം മാറി എന്നതാണ് യാഥാര്‍ഥ്യം. വിവിധ ഇനങ്ങളില്‍പ്പെട്ട നൂറോളം സസ്യങ്ങള്‍ വന്മരങ്ങളായി ഇവിടെയുണ്ട്. പലതരം ഫല വൃക്ഷങ്ങളും ഔഷധ വ്യക്ഷങ്ങളുമാണ് മറ്റൊരു ആകര്‍ഷണം.
അശോകമരം, പലക പയ്യാനി , നാരകം , കരിങ്കുറഞ്ഞി, കരിനൊച്ചി, കറുവപ്പട്ട, നീര്‍മാതളം, ഓരില, തിപ്പലി, പ്ലാശ്, ചങ്ങരം കൊല്ലി, ചങ്ങലംപരണ്ട, പേര, മാവ് തുടങ്ങിയ വ്യത്യസ്ത ഇനത്തില്‍പ്പെട്ട നൂറോളം വൃക്ഷങ്ങള്‍ ഈ വിദ്യാ വനത്തിലുണ്ട്. പഠിതാക്കള്‍ക്ക് ഈ വനവും പരിസരവും ഇന്ന് നല്ല പാഠങ്ങളുടെ ഒരു ജൈവ കലവറയായി മാറിയിട്ടുണ്ട്. വ്യത്യസ്ത ഇനം പക്ഷികളും ഇവിടെയുണ്ട്.
തണ്ടേക്കാട് മുസ്ലിം ജമാഅത്ത് വിട്ടു നല്കിയ അഞ്ച് സെന്റ് സ്ഥലത്താണ് സോഷ്യല്‍ ഫോറസ്ട്രിയുടെ കീഴില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഈ കുട്ടി വനം യാഥാര്‍ഥ്യമാക്കിയതെന്ന് ഫോറസ്റ്റ് ക്ലബ് കണ്‍വീനര്‍ കെ. നൗഷാദ് പറഞ്ഞു.
Tags : Local News Nattuvishesham Ernakulam