പാലാ: മണ്ണും കൃഷിയും മറന്നുള്ളതാവരുത് നാടിന്റെ വികസനമെന്നും കാര്‍ഷികവിളകളും ഉത്പന്നങ്ങളും സംഭരിക്കുന്നതില്‍ അനാസ്ഥ ഉണ്ടാവരുതെന്നും ഈ രംഗത്ത് സര്‍ക്കാര്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാവണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
രൂപതയുടെ കര്‍ഷക ശക്തീകരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷി, വ്യവസായ വകുപ്പുകളുടെ സഹകരണത്തോടെ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസില്‍ ആരംഭിച്ച പാലാ സാന്തോം ഫുഡ് ഫാക്ടറിയുടെ ഉത്പന്നങ്ങളുടെ പാലനോവ ഫുഡ്സ് എന്ന ബ്രാൻഡ് നെയിം റിലീസിംഗും പാലാ സെന്റ് തോമസ് പ്രസിനു സമീപം കേരള ഗ്രോ സ്റ്റോറിനോടനുബന്ധിച്ചുള്ള സാന്തോം ഫാക്ടറിയുടെ ഔട്ട്ലെറ്റ് ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ്, താലൂക്ക് വ്യവസായ ഓഫീസര്‍ വി.ആര്. നിഷാമോള്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും സാന്തോം കര്‍ഷക കമ്പനി ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേല്‍, അസി. ഡയറക്ടര്‍മാരായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, എഫ്പിഒ ഡിവിഷന് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, സാന്തോം എഫ്പിസി ചെയര്മാന് സിബി മാത്യു, പ്രോജക്ട് ഓഫീസര്‍ പി.വി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കര്‍ഷകരില്‍നിന്നു പച്ചക്കപ്പ സംഭരിച്ച് സംസ്കരിച്ച് വിദേശരാജ്യങ്ങളിലേക്ക് അയച്ചുവരുന്നതിന്റെ തുടര്‍ച്ചയായി വാക്വം ഫ്രൈഡ് ചക്കപ്പഴം ചിപ്സ്, ചക്ക ചിപ്സ്, കപ്പ ചിപ്സ്, മഞ്ഞള്‍പൊടി, മീറ്റ് മസാല, ചിക്കന്‍ മസാല, സാമ്പാര്‍ പൗഡര്‍, ഗരം മസാല, മല്ലിപ്പൊടി, മുളകുപൊടികള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് പാലനോവ ഫുഡ്സ് എന്ന ബ്രാൻഡില്‍ ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയത്. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ഉത്പന്നങ്ങളും ഔട്ട്ലെറ്റില് ലഭ്യമാണ്.