വലിയതുറ തീരദേശ സ്പെഷാലിറ്റി ആശുപത്രിയുടെ പ്രവേശന കടവാടത്തിലെ വെള്ളക്കെട്ട്.
വലിയതുറ: മഴ ശക്തമായതോടെ വെള്ളക്കെട്ട് കാരണം വലിയതുറ തീരദേശ സ്പെഷാലിറ്റി ആശുപത്രിയില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നു പരാതി.
സമീപകാലത്ത് ആശുപത്രിയോടു ചേര്‍ന്ന് ആശാസ്ത്രീയമായതരത്തില് ഇന്റര്‍ലോക്ക് സ്ഥാപിച്ചതാണ് വെള്ളക്കെട്ടിനു കാരണമായി പറയപ്പെടുന്നത്. റോഡിനോടു ചേര്‍ന്നുള്ള ഭാഗം ഇന്റര്‍ലോക്ക് ചെയ്തപ്പോള്‍ ഉയര്‍ന്നതുകാരണം ആശുപത്രിയുടെ പ്രവേശന കവാടം താഴുകയും വലിയതരത്തില്‍ വെള്ളം കെട്ടിക്കിടക്കുകയുമാണു ചെയ്യുന്നത്.
ദിവസവും നൂറില്‍പ്പരം രോഗികളെത്തുന്ന ആശുപത്രിയില്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ അനാസ്ഥക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്. കാലില്‍ മുറിവുകളുമായി എത്തുന്ന രോഗികള്‍ക്ക് വാഹനത്തിന്റെ സഹായമില്ലാതെ ആശുപത്രിക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രവേശന കവാടത്തിനു പുറമേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും മറ്റു പല സ്ഥലങ്ങളിലും മഴ പെയ്താല്‍ സീലിംഗില്നിന്നും വെള്ളം ചോര്‍ന്നൊലിക്കുന്നതായും പറയുന്നു. എന്നാല്‍ വരുംദിവസങ്ങളില്‍ എച്ച്എംസി മീറ്റിംഗ് നടക്കുമെന്നും രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മീറ്റിംഗില്‍ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്താമെന്നാണ് ജീവനക്കാര്‍ പറയുന്നത്.