കണ്ണൂർ: പാചക വാതക പ്രതിസന്ധിയുടെ മറവിൽ നഗരത്തിൽ പല ഹോട്ടലുകളിലും ഭക്ഷണ-പാനീയങ്ങൾക്ക് പല വില. ഭക്ഷണ-പാനീയങ്ങൾക്ക് ഏകീകൃത വിലയില്ലാത്തതു പോലെ അളവിലും തൂക്കത്തിലും കുറവു വരുത്തുന്നതായും ആരോപണമുണ്ട്.
ഭക്ഷണ-പാനീയങ്ങളുടെ വില്പനയിൽ അന്യായ വില ഈടാക്കരുതെന്നും അളവിൽ കുറവുവരുത്തരുതെന്നും കളക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് പലയിടത്തും പലവില. ഇത്തരത്തിലുള്ള നിയമലംഘനം തടയാൻ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ നടപടിയെടുക്കണമെന്നും കളക്ടറുടെ ഉത്തരവുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്ത അവസ്ഥയാണ്. കണ്ണൂരിലെ മനുഷ്യാവകാശ കൂട്ടായ്മ എന്ന സംഘടന നടത്തിയ ജനകീയ അന്വേഷണത്തിലാണ് അളവ് കുറച്ചും വിലകൂട്ടിയുമുള്ള വിൽപന കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് മനുഷ്യാവകാശ കൂട്ടായ്മ ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.
ടൗണിൽ ചായയ്ക്ക് 12 രൂപ മുതൽ 15 രൂപ വരെയും ചിലയിടങ്ങളിൽ ഇതിൽ കൂടുതലും ഈടാക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. സാധാരണ ഗതിയിൽ 140 മില്ലി ലിറ്റർ അളവിൽ നൽകി വന്നിരുന്ന ചായ, കാപ്പി എന്നിവയുടെ അളവ് 90-100 മില്ലി ലിറ്ററായാണ് കുറഞ്ഞത്.
അപൂർവം കടകളിൽ മാത്രമാണ് 110-120 മില്ലി ലിറ്റർ നൽകുന്നത്. വിലയും അളവും തമ്മിൽ ബന്ധമില്ലാത്ത തരത്തിലാണ് വില്പന. 13 രൂപയ്ക്ക് 100 മില്ലി ലിറ്റർ ചായ കൊടുക്കുന്ന കടകളും 90 മില്ലി ചായയ്ക്ക് 15 രൂപ ഈടാക്കുന്ന സ്ഥാപനങ്ങളുമുണ്ട്. കാപ്പിക്ക് ചില സ്ഥാപനങ്ങളിൽ 18 രൂപമുതൽ മുകളിലോട്ടാണ് വില. പൊറോട്ടയ്ക്ക് 14 മുതൽ 18 രൂപവരെയും ഈടാക്കുന്നു. ഊണിന്റെ വില 70നും 90നുമിടയിലാണ്.
അതേ സമയം 50 രൂപയ്ക്ക് ഊൺ നൽകുന്ന സ്ഥാപനവും നഗരത്തിലുണ്ട്. ഉഴുന്നു വടയ്ക്ക് 22 രൂപ വരെ ഈടാക്കുന്ന സ്ഥലങ്ങളുമുണ്ട്.നോണ്വെജ് ഭക്ഷണങ്ങളുടെയും പുത്തൻരുചി പാനീയങ്ങളുടെയും വിലയും അതാത് സ്ഥാപന നടത്തിപ്പുകാർ സ്വയം തീരുമാനിക്കുകയാണ്. പലയിടങ്ങളിലും ആരോഗ്യപരമായ പരിശോധന പോലും നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Tags : verywhere! Food and drinks Nattuvishesham Districte news