പാണത്തൂർ: കമ്മാടി ഭാഗത്ത് വനാതിർത്തി മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ആർആർടി-പിആർടി സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് സ്പെഷൽ കാട്ടാന ഡ്രൈവ് നടത്തിയത്.
ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനഭീതിയിലായിരുന്ന മാമ്പളം, പെരുമുണ്ട, കമ്മാടി പ്രദേശങ്ങളിലുള്ളവർക്ക് തത്കാലം ആശ്വാസമായി. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു, ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. പ്രവീൺകുമാർ എന്നിവർ ദൗത്യത്തിന് നേതൃത്വം നൽകി.
പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പലതും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണെന്നും ഇത് വന്യമൃഗങ്ങൾക്ക് ജനവാസമേഖലയിൽ സുരക്ഷിതമായി തമ്പടിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഈ സ്ഥലങ്ങളിലെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കാൻ ഉടമസ്ഥർ തയാറാകണമെന്നാണ് ആവശ്യം.