പ്രതീകാത്മക ചിത്രം
ഹെൽമെറ്റ് തിരികെ നൽകി മധ്യവയസ്ക തടിയൂരി
തിരുവല്ല: താലൂക്ക് ആശുപത്രി പരിസരത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽനിന്നു മധ്യവയസ്ക ഹെൽമെറ്റ് മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹെൽമെറ്റ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ തിരികെ ഏൽപ്പിച്ച് മധ്യവയസ്ക തടിയൂരി.
നിരണം മുണ്ടനാരി സ്വദേശിനിയാണ് കഴിഞ്ഞ 29ന് അതിവിദഗ്ധമായി ഹെൽമെറ്റ് മോഷ്ടിച്ചത്. മന്ത്രി കെ, മുരളീധരൻ പങ്കെടുക്കുന്ന ചടങ്ങ് ആശുപത്രിയിൽ ഉണ്ടായിരുന്നതിനാൽ പ്രധാന കെട്ടിടത്തിന്റെ ഭാഗത്തുനിന്നു പാർക്കിംഗ് ഒഴിവാക്കിയിരുന്നു. പകരം ഒപി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന്റെ ഭാഗത്തേക്ക് പാർക്കിംഗ് മാറ്റുകയും ചെയ്തു.
ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽനിന്നുമാണ് വീട്ടമ്മ ഹെൽമെറ്റ് മോഷ്ടിച്ച ദൃശ്യങ്ങൾ പുറത്തുവന്നത്. താലൂക്ക് ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
മോഷ്ടിച്ച ഹെൽമെറ്റ് തിങ്കളാഴ്ച രാവിലെയോടെ ഇവർ താലൂക്ക് ആശുപത്രിയിലെത്തി സൂപ്രണ്ടിനു കൈമാറി. സംഭവം സംബന്ധിച്ച് നിലവിൽ പോലീസിൽ പരാതി ലഭിച്ചിട്ടില്ല.