തൊടുപുഴ: വനംവകുപ്പ് ഇടുക്കി വിജിലന്‍സ് ഫ്ളൈയിംഗ് സ്ക്വാഡ് ഡിവിഷന് ഓഫീസ് ആസ്ഥാനം പൈനാവില്‍നിന്നു പീരുമേട്ടിലേക്കു മാറ്റാന്‍ തീരുമാനം. പീരുമേടിനു സമീപം തട്ടാത്തിക്കാനത്തേക്കാണ് ഫ്ളൈയിംഗ് സ്ക്വാഡ് ആസ്ഥാനം മാറ്റാന്‍ തീരുമാനിച്ചത്. ഭരണപരമായ സൗകര്യാര്‍ഥം ഓഫീസ് മാറ്റിസ്ഥാപിക്കണമെന്ന വിജിലന്‍സ് വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ആവശ്യപ്രകാരമാണ് നടപടി. ഓഫീസ് മന്ദിരവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി 5.35 കോടി നബാര്‍ഡിന്റെ വായ്പയെടുക്കാനും തീരുമാനിച്ചു.
വനംവകുപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിരവധി പരാതികളില്‍ ഫലപ്രദമായ അന്വേഷണം നടത്തുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും പൈനാവിലെ ഡിവിഷന് ആസ്ഥാനം പരിമിതമായതിനാലാണ് ഓഫീസ് മാറ്റമെന്ന് ഉത്തരവില്‍ പറയുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു പൈനാവിലെ ഫ്ളൈയിംഗ് സ്ക്വാഡ് ആസ്ഥാനത്ത് എത്തിച്ചേരുന്നതിനുള്ള പ്രായോഗികമായ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനം.
ഡിഎഫ്ഒ അടക്കം ഏഴു ജീവനക്കാരാണ് പൈനാവിലെ സര്‍ക്കാര്‍ വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ സേവനം ചെയ്യുന്നത്. രണ്ടു ക്ലര്‍ക്കുമാര്‍, ടൈപ്പിസ്റ്റ്, ഡ്രൈവര്‍, സ്വീപ്പര്‍ എന്നിവരാണ് ഇവിടെ ജോലി ചെയ്യുന്നത്.
കോട്ടയം ഫോറസ്റ്റ് ഡിവിഷനു കീഴില്‍ എരുമേലി റേഞ്ചില്‍ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് തട്ടാത്തിക്കാനം വനമേഖല. 53.5 ഏക്കര്‍ വിസ്തൃതിയുള്ള തട്ടാത്തിക്കാനം റിസര്‍വില്‍ ഓഫീസിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കെട്ടിടനിര്‍മാണത്തിനായി പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കി.
ഇതിനിടെ പൈനാവില്‍ ജില്ലാ ആസ്ഥാനത്തുനിന്നു വിജിലന്‍സ് ഫ്ളൈയിംഗ് സ്ക്വാഡ് ഓഫീസ് മാറ്റുന്നതില്‍ വകുപ്പിനുള്ളില്ത്തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരേ ഉള്‍പ്പെടെ ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തുകയെന്നതാണ് വിജിലന്‍സ് വിഭാഗത്തിന്റെ ചുമതല.
വന്യജീവീ ആക്രമണം പ്രതിരോധിക്കാന്‍പോലും ഫണ്ട് വിനിയോഗിക്കാന്‍ വനംവകുപ്പിനു കഴിയാത്ത സാഹചര്യത്തിലാണ് കോടികള്‍ വായ്പയെടുത്ത് ഓഫീസ് ജില്ലാ ആസ്ഥാനത്തുനിന്നു മാറ്റാന്‍ തയാറെടുക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
എസ്എഫ്ഒമാരെ ജില്ലാഅതിര്ത്തി കടത്തി
തൊടുപുഴ: കുമളി റേഞ്ചിലെ രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെ തസ്തിക കോട്ടയം ജില്ലയിലേക്കു മാറ്റിയതോടെ അതിര്‍ത്തി മേഖലയിലെ പരിശോധനയ്ക്ക് തടസമുണ്ടാകുന്നതായി പരാതി. മനുഷ്യ - വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുമായി വകുപ്പ് മുന്നോട്ടു പോകുമ്പോഴാണ് മലയോര മേഖലയില്‍നിന്നു രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ കുമളി റേഞ്ചില്‍നിന്ന് കോട്ടയം ജില്ലയിലെ വണ്ടന്‍പതാല്‍ ആര്ആര്ടിയിലേക്കു നിയോഗിച്ചത്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ മാറ്റിയതോടെ വന്യമൃഗ ശല്യം വര്‍ധിച്ച മേഖലയില്‍ ജീവനക്കാര്‍ എത്തുന്നതിനു കാലതാമസം ഉണ്ടാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുമളി റേഞ്ചില്‍ അഞ്ച് സെക്ഷനും രണ്ട് അതിര്‍ത്തി ചെക്ക് പോസ്റ്റുമാണ് നേരത്തേയുണ്ടായിരുന്നത്. ഇതില്‍ കുമളിയില്‍ പ്രവര്‍ത്തിച്ചിരുന്ന അതിര്‍ത്തി ചെക്ക്പോസ്റ്റ് നിര്‍ത്തുകയും അവിടെ ഉണ്ടായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മാറ്റുകയും ചെയ്തിരുന്നു.
അതിര്‍ത്തി മേഖലയില്‍ വനം വകുപ്പിന്റെ ചെക്കിംഗ് സ്റ്റേഷന് ഇല്ലാതായതോടെ ഇതുവഴി കടന്നുവരുന്ന വന ഉത്പന്നങ്ങള്‍ പരിശോധിക്കാനും കഴിയില്ല. ഇതിനിടെയാണ് കമ്പംമെട്ട് ചെക്ക്പോസ്റ്റിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ തസ്തിക വണ്ടന്‍പതാല്‍ ആര്ആര്ടിക്കു നല്‍കിയത്.
ഇതിനു പിന്നാലെ കല്ലാര്‍ സെക്ഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ തസ്തികയും ഇവിടേക്കു മാറ്റി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ തസ്തിക തിരികെ അനുവദിക്കണമെന്നും അതിര്‍ത്തി പ്രദേശമായ കുമളിയില്‍ ഫോറസ്റ്റ് ചെക്കിംഗ് സ്റ്റേഷന് ആരംഭിക്കണമെന്നുമാവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് വനംമന്ത്രി ഷിബു ബേബി ജോണിനു നിവേദനം നല്കി.