പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര : ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക് സൈ സ് നാര്‍ക്കോട്ടിക് സ് പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്ത നാലംഗ എംഡിഎംഎ കടത്തു സംഘം റിമാന്‍ഡില്‍. ഇവരില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ പത്തു ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് എക് സൈസ് അധികൃതര്‍.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ഹിരോഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറാലുംമൂട്ടില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഈഞ്ചയ്ക്കല്‍ അക്ഷരവീഥിയില്‍ കിരണ്‍ (33), അമ്മ ബീന (50), കിരണിന്റെ സുഹൃത്തുക്കളായ തിരുനെല്‍വേലി സ്വദേശിനി സന്ധ്യ (18), ചാല സ്വദേശി അക്ഷയ് എ.എസ്. നായര്‍ (26) എന്നിവര്‍ പിടിയിലായത്. ഈഞ്ചയ്ക്കലിലെ വീടിനോടു ചേര്‍ന്നു കിരണ്‍ നടത്തുന്ന വസ്ത്ര വ്യാപാരം, ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പനയ്ക്കുള്ള മറയായാണ് എക് സൈസ് കരുതുന്നത്.
ബെംഗളൂരുവില്‍ നിന്നും ലഭിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍ പതിവായി ഇവര്‍ നാട്ടിലേയ്ക്ക് കൊണ്ടു വരാറുണ്ടെന്നും ലഹരി പദാര്ഥങ്ങള്ക്കൊപ്പം കുറേ തുണിത്തരങ്ങളും കാറില്‍ കരുതാറുണ്ടെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
125 ഗ്രാം എംഡിഎംഎയാണ് കാറിലെ സ്റ്റീരിയോ സെറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് സ്ഥിരം ഉപഭോക്താക്കളുണ്ടെന്നും അവരെക്കുറിച്ചും അന്വേഷിക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. കിരണിനു മുന്‍പ് ടാറ്റു ബിസിനസായിരുന്നു. അപ്പോഴും എംഡിഎംഎ കടത്തില്‍ സജീവമായിരുന്നതായാണ് എക്സൈസ് നിഗമനം.
ബീനയുടെ മൊബൈലിലൂടെയാണ് എംഡിഎംഎ വ്യാപാരം നടന്നിരുന്നത്. കഴിഞ്ഞ ദിവസം എക്സൈസ് സംഘം അറസ്റ്റ് ചെയ്തപ്പോഴും ബീനയ്ക്ക് യാതൊരുവിധ പരിഭ്രാന്തിയോ ഭയമോ ഇല്ലായിരുന്നു. സംഘത്തില്‍ കൂടുതല്‍ അംഗങ്ങളുടെ സാന്നിധ്യം, എംഡിഎംഎയുടെ ഉറവിടം, ഉപഭോക്താക്കള്‍ സംബന്ധിച്ച വിവരം എന്നിങ്ങനെ എക്സൈസിന്റെ അന്വേഷത്തില്‍ വിവിധ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഓണം സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Tags : remanded NattuVishasham DistrictNews