കോട്ടപ്പുറം: അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലെയോ മാർപാപ്പ പ്രഖ്യാപിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഫ്രാൻസിസ്കൻ വൈദികരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം ആശീർവദിച്ച് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്കു തുറന്നുകൊടുത്തു.
കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ ജൂബിലിവർഷത്തിൽ ഔദ്യോഗികമായി ദണ്ഡവിമോചനം നേടുന്നതിനുള്ള ഏകദേവാലയമായി തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ ഡിക്രി ചാൻസലർ റവ.ഡോ. ഹെൽവസ്റ്റ് റൊസാരിയോ വായിച്ചു.
ഫ്രാൻസിസ്കൻ വർഷത്തിൽ കോട്ടപ്പുറം രൂപതയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തിരിതെളിച്ച് ബിഷപ് നിർവഹിച്ചു. തുടർന്നുനടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോബിൻ ഡാനിയൽ ഒഎഫ്എം വചനസന്ദേശം നൽകി. തുരുത്തിപ്പുറം പള്ളി വികാരി ഫാ. ജോയ് സ്രാമ്പിക്കലും സഹവികാരി ഫാ. സ്റ്റെഫിൻ സ്റ്റീഫൻ പിഎംഐ യും നേതൃത്വം നൽകി.
Tags : nattu vishesham Franciscan pilgrimage