തൃശൂർ: പ്രസവമുറിയിൽ ഭർത്താവിന്റെ സാന്നിധ്യം അനുവദിക്കുന്ന വിപ്ലവകരമായ ആശയത്തിനു തുടക്കമിട്ട് സാമൂഹികരംഗത്തു പുതിയ ചർച്ചയ്ക്കു തുടക്കമിട്ട ഡോ. നിജി ജസ്റ്റിൻ മൂന്നു പതിറ്റാണ്ടായി തൃശൂരിന്റെ സാംസ്കാരിക-സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിൽ സജീവസാന്നിധ്യമാണ്. കോണ്‍ഗ്രസ് സംഘടനാസംവിധാനത്തിലൂടെ വളർച്ച. നിലവിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാനസെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും മികവ് തെളിയിച്ചു.
തൃശൂർ മുനിസിപ്പൽ ചെയർമാനായിരുന്ന പ്രഫ. എൻ.ഡി. ജോർജിന്റെ മരുമകളാണ്. മൂന്നു പതിറ്റാണ്ടായി ഗൈനക്കോളജിസ്റ്റായ ഡോ. നിജി തൃശൂർ കോ-ഓപ്പറേറ്റീവ് ആശുപത്രി, സണ്‍ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 25 വർഷം മുൻപ് പ്രസവമുറിയിൽ ഭർത്താവിന്റെ സാന്നിധ്യം അനുവദിക്കുന്ന വിപ്ലവകരമായ ആശയത്തിനു തുടക്കംകുറിച്ച ഡോക്ടർമാരിൽ ഒരാളാണ്.
വേദനയില്ലാത്ത പ്രസവം, ഗർഭകാലവ്യായാമം, യോഗയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് നിരന്തര ബോധവത്കരണ ക്ലാസുകൾ നടത്തുന്ന ഇവർ സ്ത്രീകളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പള്ളികളിലും ക്ലബ്ബുകളിലും അവബോധ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചുവരുന്നു. ആർത്തവശുചിത്വവും പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമാക്കി മെൻസ്ട്രുവൽ കപ്പ് ഉപയോഗം പ്രചരിപ്പിക്കുന്നതിലും സജീവമായി ഇടപെട്ടു. പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.
ഗർഭനിരോധന ഗുളികകളുടെ അനിയന്ത്രിതപരസ്യങ്ങൾക്കെതിരേ ഡോക്ടറുടെ കുറിപ്പില്ലാത്ത വില്പനയ്ക്കെതിരേയും സാമൂഹികപ്രതിബദ്ധതയോടെ ഇടപെട്ട ഡോക്ടറെന്ന നിലയിലും ഡോ. നിജി ശ്രദ്ധേയയായി. അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗമാണ്. വിവാഹപൂർവപരിശീലനമായ പ്രീക്കാന കോഴ്സിന്റെ ട്രെയിനറുമാണ്.
സാമൂഹികസേവനവും ആരോഗ്യപരിചരണരംഗത്തെ ഇടപെടലുകളും സംഘടനാപ്രവർത്തനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയ ജീവിതാനുഭവങ്ങളോടെയാണ് ഡോ. നിജി ജസ്റ്റിൻ കോർപറേഷനിൽ യുഡിഎഫിന്റെ പ്രഥമ വനിതാ മേയർപദവിയിൽ എത്തുന്നത്.
ഡോ. ജസ്റ്റിൻ ജോർജ് ആണ് ഭർത്താവ്. ഡോ. ജോർജ് ജസ്റ്റിൻ, ഡോ. മേരി ആൻ ജസ്റ്റിൻ എന്നിവർ മക്കളാണ്.
Tags : mayorship nattuvishesham local news