മാങ്കുറ്റിപ്പാടത്ത് ഇന്നലെ പുലര്‍ച്ചെ പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് വനംവകുപ്പുദ്യോഗസ്ഥര്‍ നിരീക്ഷണ കാമറ സ്ഥാപിക്കുന്നു.
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോരമേഖലയില്‍ രണ്ടാഴ്ചയോളമായി നിലനില്‍ക്കുന്ന പുലിപ്പേടി വര്‍ധിപ്പിച്ചുകൊണ്ട് ഇന്നലെ പുലര്‍ച്ചെ വീണ്ടും പുലിയിറങ്ങി. കോടശേരി മലയുടെ താഴ്വാരത്തുള്ള മാങ്കുറ്റിപ്പാടത്താണ് രണ്ടുപുലികളെ കണ്ടെത്തിയത്.
മാങ്കുറ്റിപ്പാടം കാവുങ്ങല്‍ ജോര്‍ജിന്റെ റബര്‍തോട്ടത്തില്‍ പുലര്‍ച്ചെ ടാപ്പിംഗ് ജോലിക്കെത്തിയ മോനച്ചന് എന്ന തൊഴിലാളിയാണ് പുലികളെ കണ്ടത്. മാങ്കുറ്റിപ്പാടം അയ്യപ്പസമാജം പരിസരത്ത് താമസിക്കുന്ന മുരിയന്കേരിയില് മോനച്ചന് ഭാര്യയോടും മകനോടും ഒപ്പമാണ് പുലര്‍ച്ചെ അഞ്ചോടെ തോട്ടത്തില്‍ ജോലിക്കെത്തിയത്. താഴ്ഭാഗത്തുള്ള നൂറോളം മരങ്ങളില്‍ ടാപ്പിംഗ് നടത്തിയ ശേഷം ഉയര്‍ന്ന ഭാഗത്തുള്ള റബര്മരങ്ങള്ക്കു സമീപമെത്തിയപ്പോഴാണ് ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ തിളങ്ങുന്ന നാലുകണ്ണുകള്‍ കണ്ടതെന്ന് ടാപ്പിംഗ് തൊഴിലാളിയും മൂന്നുമുറിയിലെ ഓട്ടോഡ്രൈവറുമായ മോനിച്ചന് പറഞ്ഞു. മൂന്നുപേരും ഹെഡ്ലൈറ്റുകള് തെളിയിച്ചുനോക്കിയപ്പോള് അമ്പതടിയോളം അകലത്തില്‍ റബര്മരങ്ങള്ക്കു ചുവടെ രണ്ടുപുലികള്‍ നില്ക്കുന്നതായി കണ്ടു. ആളനക്കംകണ്ട് ഇവയിലൊന്ന് സമീപത്തെ റബര്മരത്തിലേക്ക് ചാടിക്കയറുകയും ചെയ്തു.
പുലികളെ കണ്ടതോടെ ഭയചകിതരായ മോനച്ചനും കുടുംബവും ടാപ്പിംഗ് പണികള്‍ പൂര്‍ത്തിയാക്കാതെ വീട്ടിലേക്കു മടങ്ങിപ്പോയി. നാട്ടുകാരും ജനപ്രതിനിധികളും അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പുലിയെ കണ്ടതായി പ റയുന്ന പ്രദേശത്ത് കാമറ സ്ഥാപിച്ചു.
തിങ്കളാഴ്ച പുലിയെ കണ്ട തോട്ടത്തിന്റെ തൊട്ടടുത്തുള്ള റബര്‍തോട്ടത്തില്‍ രണ്ടാഴ്ച മുമ്പ് വളര്‍ത്തുനായയെ പുലി കൊന്നനിലയില്‍ കണ്ടെത്തിയിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി വനംവകുപ്പ്
അന്നുതന്നെ ഇവിടെ നാലു കാമറകള്‍ സ്ഥാപിക്കുകയും തൊട്ടുത്തദിവസം കാമറയില്‍ പുലിയുടെ ദൃശ്യം പതിയുകയും ചെയ്തിരുന്നു.
ഒരു മാസം മുമ്പു മുതലേ പ്രദേശത്തുനിന്ന് വളര്‍ത്തുനായ്ക്കളെയും ആടുകളെയും കാണാതാവുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
രണ്ടാഴ്ചയോളമായി മേഖലയില്‍ പുലിഭീതി നിലനില്‍ക്കുന്നതിനാല്‍ പുലര്‍ച്ചെ ടാപ്പിംഗ് ജോലിക്കെത്തുന്ന തൊഴിലാളികള്‍ പേടിയോടെയാണു പണിയെടുക്കുന്നത്.
Tags : NattuVishesham DistrictNews