ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന 'സംപ്രീതം ചിത്രയാത്ര ചിത്രപ്രദർശനത്തിൽനിന്ന്-ദീപിക
തൃശൂർ: വീട്ടുജോലികൾക്കും കുടുംബകാര്യങ്ങൾക്കുമിടയിൽ എവിടെയോ മറന്നുവച്ച സർഗവാസനകളെ വീണ്ടെടുത്ത്, വർണങ്ങളുടെ പുതുലോകത്ത് സ്വന്തമായൊരു ഇടം അടയാളപ്പെടുത്തുകയാണ് തൃശൂർ കിഴക്കുംപാട്ടുകര സ്വദേശി കൈവല്യത്തിൽ പ്രീത ആർ. വാര്യർ. കേരള ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടക്കുന്ന സംപ്രീതം ചിത്രയാത്ര എന്ന ഏകാംഗ ചിത്രപ്രദർശനം ഒരുക്കിയാണ് ഈ കലാകാരി വേറിട്ട അനുഭവങ്ങളാൽ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്നത്.
വര്ഷങ്ങള്ക്ക് മുൻപ് മക്കൾക്കായി ഒരുക്കിയ ചെറിയ ആർട് വർക്കുകളിൽ നിന്നാണ് തുടക്കം. അന്ന് അറിയാതെയാണ് ചായക്കൂട്ടുകൾ കൈയിൽ എടുക്കേണ്ടിവന്നതെന്നും പിന്നീട് അത് ജീവിതത്തിൽ നിറമുള്ള മറ്റൊരു പുതിയ ലോകം സമ്മാനിക്കുകയായിരുന്നുവെന്നും ഈ വീട്ടമ്മ ഓർത്തെടുക്കുന്നു. തുടർന്ന് ചിത്രകലാ അധ്യാപകൻ ചക്രപാണിയുടെ കീഴിൽ നടത്തിയ ഹ്രസ്വമായ പരിശീലനം വരകളുടെയും വർണങ്ങളുടെയും ലോകത്തേക്ക് ഇവർക്ക് പുതിയ വാതിലുകൾ തുറന്നുനൽകി. ഇത്തവണ വ്യത്യസ്ത മീഡിയങ്ങളിൽ തീർത്ത 54 ചിത്രങ്ങളുമായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
പതിവു ചിത്രരചനാ രീതികളിൽ നിന്നു മാറി ചിപ്പികളും (ഷെല്ലുകൾ) മുത്തുകളും ഗ്ലൂ ഗണ്ണും കാപ്പിപ്പൊടിയുമെല്ലാം ഉപയോഗിച്ചാണ് കലാകാരി നിറമുള്ള കാഴ്ചകൾ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. കാപ്പിപ്പൊടിയിൽ തീർത്ത ചിത്രവും അതേ മാധ്യമത്തിൽ വിരിയിച്ച സ്വാമി വിവേകാനന്ദന്റെ രൂപവും ചിത്രകാരിയുടെ സർഗാത്മകത തെളിയിക്കുന്നതാണ്.
ഭർത്താവ് റിട്ടയേഡ് ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ എൻ.വി. രുദ്രന്റെയും മക്കളായ രഘുറാം, ശ്രീറാം, മരുമകൾ ശ്രീലക്ഷ്മി എന്നിവരുടെയും പിന്തുണയാണ് വൈകിവന്ന ഈ വർണവസന്തത്തിന് കരുത്തുപകരുന്നതെന്നും കലാകാരി കൂട്ടിച്ചേർത്തു. പ്രദർശനം നാളെ സമാപിക്കും.
Tags : NattuVishesham DistrictNews