ഓണാഘോഷത്തോടനുബന്ധിച്ച് കളക്ടറേറ്റിൽ ഒരുക്കിയ പൂക്കളം.
പത്തനംതിട്ട: ഓണം ഒരുക്കാൻ എല്ലാ സാധനങ്ങളും വിപണിയിൽ നിന്നു വില കൊടുത്തു തന്നെ വാങ്ങുകയാണ് മലയാളി. മുൻകാലങ്ങളിൽ ഓണ സദ്യക്കും പൂക്കളമൊരുക്കാനുമെല്ലാം വിപണിയെ ആശ്രയിക്കേണ്ട സാഹചര്യമില്ലായിരുന്നു. സദ്യക്കാവശ്യമായ അരി മുതൽ പച്ചക്കറികൾ വരെ വീടുകളിൽ തന്നെയുണ്ടായിരുന്നു. ഇന്നിപ്പോൾ സദ്യവട്ടത്തിനുള്ള സാധനങ്ങൾ മാത്രമല്ല, വാഴയിലയും വില കൊടുത്തു വാങ്ങേണ്ടിവരുന്നു. പൂക്കളമൊരുക്കാനുള്ള പൂക്കൾക്കും വിപണിയെ ആശ്രയിക്കണം. ഓണ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഉപ്പേരി ഉൾപ്പെടെയുള്ളവയ്ക്ക് ഓണക്കാലമായതോടെ വില ഉയർന്നു. ഉപ്പേരി തയാറാക്കാമെന്നുവച്ചാൽ ഏത്തക്കായയുടെയും വെളിച്ചെണ്ണയുടെയും വിലയും ഏറി. പച്ചക്കറികളുടെ വിലയും കുതിച്ചുയരുകയാണ്. നാരങ്ങാ മുതൽ ഓണസദ്യ ഒരുക്കാനുള്ള എല്ലാത്തരം പച്ചക്കറികൾക്കും വില ഉയർന്നു. നാടൻ പച്ചക്കറി വിപണിയെ മഴ തളർത്തിയതോടെ തമിഴ്നാട് പച്ചക്കറികളാണ് വിപണിയിൽ ഏറെയുമുള്ളത്.
ഏത്തക്കുലയും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. നാടൻ കുലകളുടെ വരവും ഇത്തരത്തിലാണ്. പഴം ഓണസദ്യയിൽ ഒഴിച്ചുകൂടാനാകാത്തതിനാൽ ഇതിന്റെ വിലയും ഉയർന്നു നിൽക്കുകയാണ്.
വില ഇരട്ടിയിലധികം വർധിച്ചു
കഴിഞ്ഞ ഓണത്തേക്കാൾ സാധനങ്ങളുടെ വിലയിലുണ്ടായ വർധന ഇടത്തരം കുടുംബങ്ങളെ സാരമായി ബാധിച്ചു. കുത്തരി, വെളിച്ചെണ്ണ, പയർ വർഗങ്ങൾ, മുളക്, മല്ലി, പഞ്ചസാര, ശർക്കര, പച്ചക്കറികൾ എന്നിവയുടെ വിലയിൽ വൻ വർധനയാണ് ഒരുവർഷത്തിനിടയിൽ ഉണ്ടായത്. അരി വിലയിൽ കിലോഗ്രാമിന് പത്ത് രൂപയിലധികം വർധന ഒരു വർഷത്തിനിടെ ഉണ്ടായി. ഓണത്തിന് ഒഴിച്ചുകൂടാനാകാത്ത സാധനങ്ങൾ പൊതുവിപണിയിൽ നിന്നു വാങ്ങാൻ ഇതോടെ ആളുകൾക്ക് ചെലവേറി. ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ സപ്ലൈകോ, ത്രിവേണി മാർക്കറ്റുകളിലൂടെ ലഭിക്കുന്നുവെന്നതാണ് ഏക ആശ്വാസം. എന്നാൽ ഇതിന്റെ ലഭ്യത പരിമിതപ്പെടുത്തിയിട്ടുണ്ട്.
വാഴയിലയ്ക്കു വില പത്തു രൂപ
ചിങ്ങം പിറന്നതോടെ വാഴയില വില കുതിച്ചുയരുകയാണ്. കഴിഞ്ഞമാസം വരെ അഞ്ച് രൂപയിൽ താഴെയായിരുന്ന ഒരു വാഴയിലയുടെ വില ഇപ്പോൾ പത്ത് രൂപയിലെത്തി. ഇരുപത് തൂശനിലയുള്ള ഒരു കെട്ടിന് 180 - 200 രൂപ നൽകണം. കഴിഞ്ഞ വർഷം ഒരു കെട്ടിന് നൂറ് രൂപയായിരുന്നു.
മഴക്കെടുതിയിൽ വാഴകൾ കൂട്ടത്തോടെ നശിച്ചതും ചിങ്ങം പിറന്നതോടെ വിവാഹം, ഓണ സത്കാരങ്ങൾ, ഗൃഹപ്രവേശം തുടങ്ങിയവ കൂടുകയും ചെയ്തതോടെ വാഴയിലയുടെ ആവശ്യകതയും വർധിച്ചു. കഴിഞ്ഞ മിന്നൽ പ്രളയത്ൽ 76.43 ഹെക്ടർ സ്ഥലത്തെ വാഴകൃഷിയാണ് ജില്ലയിൽ നശിച്ചത്. പേപ്പർ വാഴയിലകൾ വിപണിയിലുണ്ടെങ്കിലും ചിങ്ങത്തിലെ സദ്യവട്ടങ്ങൾക്ക് നാടൻ വാഴയില തന്നെ വേണം. തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ ഇല എത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വരെ പെരുമ്പാവൂർ, പിറവം, തിരുവാണിയൂർ മേഖലയിൽ നിന്ന് പത്തനംതിട്ടയിൽ വാഴയില എത്തിയിരുന്നു. ഓണക്കാലമായതോടെ ഇവിടെനിന്നുള്ള വരവ് കുറഞ്ഞു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് കൂടുതൽ വാഴയിലകൾ വന്നിരുന്നു. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം എന്നിവിടങ്ങളാണ് വാഴയില വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങൾ. പക്ഷേ ഇവിടെയും ക്ഷാമമാണ്. ഇപ്പോൾ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇലകൾ വരുന്നത്. ഇതാണ് വില വർധനയ്ക്കു കാരണമായി പറയുന്നത്. തമിഴ്നാട്ടിൽ നിന്നു വരുന്ന നല്ല നിറവും വീതിയുമുള്ള തേൻ വാഴയിലയ്ക്കും ഞാലിപ്പൂവൻ ഇലയ്ക്കുമാണ് വില കൂടുതൽ. കണ്ണൻ, പാളയംകോടൻ ഇലകൾക്കും വിപണിയിൽ നല്ല ഡിമാൻഡാണ്. ഇവയുടെ വരവ് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്.
Tags : Nattuvishesham District News market