ആലപ്പുഴ: കേരളത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ട് ദൗത്യത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പൂർണപിന്തുണ വാഗ്ദാനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ ദൗത്യത്തിൽ വ്യാപാരി സമൂഹവും പ്രത്യേകിച്ച് സംഘടനയുടെ യൂത്ത് വിംഗും വെറും കാഴ്ചക്കാരായി നിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പൊതുനന്മയ്ക്കായി സർക്കാരിനൊപ്പം പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരായി മാറാൻ വ്യാപാരികൾ തയാറാകണം. ലഹരി ഉപയോഗവും മയക്കുമരുന്ന് വിൽപ്പനയും നടക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് വിവരം കൈമാറാൻ യൂത്ത് വിംഗ് മുൻകൈ എടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ആവശ്യമെങ്കിൽ സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി യൂണിറ്റ്, ജില്ലാതലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും.
മാർക്കറ്റുകൾ, ഷോപ്പിംഗ് കോംപ്ലക്സുകളുടെ പരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുജനങ്ങൾ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങളിൽ നടക്കുന്ന ലഹരി ഉപയോഗവും വിനിമയവും നിരീക്ഷിച്ച് വിവരങ്ങൾ പോലീസിനു കൈമാറുന്ന രീതിയിലായിരിക്കും ഈ സ്ക്വാഡുകളുടെ പ്രവർത്തനം.
നിരോധിത പുകയില ഉത്പന്നങ്ങളും ലഹരിവസ്തുക്കളും വിൽക്കുന്ന വ്യാപാരികൾക്കെതിരേ സംഘടന കർശന നടപടി സ്വീകരിക്കുമെന്നും അത്തരം വ്യാപാരികളുടെ അംഗത്വം റദ്ദാക്കി സംഘടനയിൽനിന്ന് പുറത്താക്കുമെന്നും രാജു അപ്സര മുന്നറിയിപ്പ് നൽകി.
സംസ്ഥാന സെക്രട്ടറി വി. സബിൽ രാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ ജേക്കബ് ജോൺ, അശോകപ്പണിക്കർ, കെ.എസ്. മുഹമ്മദ്, ആർ. സുഭാഷ്, വി.സി. ഉദയകുമാർ, പ്രതാപൻ സൂര്യാലയം, ഹരി നാരായണൻ, എ.കെ. ഷംസുദീൻ, ഐ. ഹലീൽ, പി.സി. ഗോപാലകൃഷ്ണൻ, മുഹമ്മദ് നജീബ്, ജി. മണിക്കുട്ടൻ, അനിൽ എസ്. അമ്പിളി, ജേക്കബ് വി. സ്കറിയ, ടോമി പുലിക്കാട്ടിൽ, ജോസ് കൂമ്പയിൽ, എൻ.പി. രാജ, കെ.എൻ. അനിരുദ്ധൻ, ബെന്നി നാഗപറമ്പിൽ, സാലി ജേക്കബ്, പീയൂഷ് ചാരുംമൂട് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Full support Kerala from the flood