ജി. സുധാകരൻ
അമ്പലപ്പുഴ: മുൻമന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരൻ എംഎൽഎ. സജി ചെറിയാന് പാർട്ടി ഭരണഘടന അറിയില്ലെന്നും ഒരു പാർട്ടി ക്ലാസ് എടുക്കാനുള്ള കഴിവില്ലെന്നും ജി.സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി. സുധാകരൻ .
സജി ചെറിയാൻ എന്ത് തീരുമാനിക്കുന്നുവോ അതാണ് ആലപ്പുഴയിലെ പാർട്ടി. സജി ചെറിയാന് പാർട്ടി ഭരണഘടനയും പാർട്ടി പരിപാടികളും അറിയില്ല. അയാൾക്ക് എല്ലാം കുന്തവും കുടച്ചക്രവുമാണ്. ഇങ്ങനെ ഒരാൾ ജില്ലയിലെ പാർട്ടിയെ നയിച്ചാൽ എങ്ങനെയാണെന്നും ജി. സുധാകരൻ ചോദിച്ചു. അനധികൃത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി പുറത്താക്കിയയാൾക്കൊപ്പം നേതാക്കൾ ഇരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇയാളെക്കുറിച്ച് അറിവില്ലാത്ത നേതാക്കളെ വരെ ചൂഷണം ചെയ്യുകയാണ് ചെയ്തത്. ഇങ്ങനെയുള്ളവരുടെ രക്ഷാധികാരിയാണ് സജി ചെറിയാൻ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എന്ത് വൃത്തികേടും കാണിക്കാനുള്ള ഒരു ഐക്യമുന്നണി ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. അത് തകർക്കണം.
സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രബാബു തന്റെ അച്ഛന് വിളിച്ചു. ചന്ദ്രബാബുവിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണം. ചന്ദ്രബാബു ഏജന്റാണ്. സുജാതയ്ക്ക് തെറ്റ് തുറന്നു പറയാൻ ധൈര്യമില്ല. രമേശ് ചെന്നിത്തല പ്രസംഗിക്കുമ്പോൾ മയക്കുമരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്യുന്നയാൾ വേദിയിൽ.അപ്പോൾ ഇവിടത്തെ കോൺഗ്രസിന്റെ അവസ്ഥ എന്താണ്. സിപിഐക്ക് പ്രതിപക്ഷ ഉപ നേതാവ് പദവിയുടെ അർഹതയുണ്ട്. ആ പദവിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല.
എന്നാൽ കൊടുത്താൽ എന്താണ് കുഴപ്പം. പാർട്ടിയും പിണറായിയും ആകെ മാറി. തന്റെ ക്രെഡിബിലിറ്റി തകർക്കാൻ ഇവർക്കാർക്കും കഴിയില്ല. പഴയ പിണറായി അല്ല ഇപ്പോഴത്തെ പിണറായി. പിണറായി മാറിപ്പോയി. ജോൺ ബ്രിട്ടാസിനെ പോലുള്ളവരാണ് പിണറായിയെ നയിക്കുന്നതെന്നും ജി. സുധാകരൻ പറഞ്ഞു.