അരുവിത്തുറ: സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി.വി. രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്റ് ജോർജ് കോളജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ ജേക്കബ് ജോസഫ് അർഹനായി. സംസ്ഥാന സർക്കാർ കായികപരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്.
2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ച ജേക്കബ് ജോസഫ് സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം, ജി.വി. രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കോട്ടയം, സെന്റ പീറ്റേഴ്സ് കോളജ് കോലഞ്ചേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷം 2023ലാണ് അരുവിത്തുറ കോളജിൽ എത്തുന്നത്.
പരിശീലകനായി പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിൽനിന്നു നിരവധി ദേശീയ-അന്തർദേശീയ വോളിബോൾ താരങ്ങളെ സൃഷ്ടിക്കാൻ സാധിച്ച ഇദ്ദേഹത്തിന് പ്രഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളിയിൽ നിരവധി ശിഷ്യന്മാരുണ്ട്. 2025ൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് എംജി യൂണിവേഴ്സിറ്റി വോളിബാൾ കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്ത് ജേക്കബ് ജോസഫ് ആയിരുന്നു.
അവാർഡിന് അർഹനായ ജേക്കബ് ജോസഫിനെ അരുവിത്തുറ കോളജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായികവിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ അഭിനന്ദിച്ചു.
Tags : nattu vishesham G.V. Raja Award Sports Coach Jacob Joseph