പത്തനംതിട്ട നഗരസഭാ മാർക്കറ്റ് പരിസരത്തെ മാലിന്യക്കൂമ്പാരം.
തെരുവുനായ ശല്യവും രൂക്ഷം
പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ മാർക്കറ്റിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും മാലിന്യക്കൂമ്പാരങ്ങളും മലിനജലവും കെട്ടിക്കിടക്കുന്നു.
മാർക്കറ്റിൽ ടൺകണക്കിന് മാലിന്യമാണ് കുന്നുകൂടിക്കിടക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാൻ തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നത് വലിയ ഭീഷണിയാകുന്നു. മാർക്കറ്റിൽ നിന്നുള്ള മത്സ്യം, മാംസം, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവ ഇവിടെ തള്ളുകയാണ്. മാലിന്യങ്ങൾ കാരണം അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടരാൻ ഇതിടയാക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും രൂക്ഷമായ ദുർഗന്ധത്തിനും കാരണമാകുന്നുണ്ട്.
മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സമീപത്തെ വ്യാപാര സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും നാട്ടുകാരെയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നഗരത്തിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ സ്ഥാപിച്ച പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ തുമ്പൂർമുഴി കംപോസ്റ്റ് സംവിധാനം പലപ്പോഴും കൃത്യമായി പരിപാലിക്കപ്പെടാതെ നിറഞ്ഞു കവിയുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനാരോഗ്യത്തിനു ഭീഷണിയായ സാഹചര്യം ഒഴിവാക്കാൻ നഗരസഭാ ആരോഗ്യവിഭാഗം അടിയന്തരമായി പരിശോധന നടത്തി മാലിന്യം നീക്കം ചെയ്യുകയും മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയും വേണമെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏരിയാ പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി. കെ. ജയപ്രകാശ്, ഏരിയ സെക്രട്ടറി ഗീവർഗീസ് പാപ്പി, മോനായി കച്ചിറ, ഷമീർ ബീമ, സണ്ണി കെ. കെ., പുഷ്പരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Garbage piling up Pathanamthitta town