സർജന്റ് മേജർ കെ.എം. അനന്തു കൃഷ്ണ
വെള്ളാരംകുന്ന്: സെന്റ് മേരീസ് എച്ച്എസ്എസ്, എൻസിസിസി യൂണിറ്റിന് അഭിമാനമായി സർജന്റ് മേജർ കെ.എം. അനന്തു കൃഷ്ണ. സ്കൂളിലെ എൻസിസി കേഡറ്റ് സർജന്റ് മേജർ കെ.എം. അനന്തു കൃഷ്ണ എൻസിസിയുടെ പ്രസ്റ്റീജിയസ് ക്യാമ്പുകളിൽ ഒന്നായ തൽ സൈനിക് ക്യാമ്പിലേക്ക് (ടിഎസ് സി) പ്രവേശനം ലഭിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പത്തു ദിവസം ദൈർഘ്യമുള്ള ആറു ക്യാമ്പുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട എൻസിസി കേഡറ്റുകൾ ഉൾപ്പെടുന്ന കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിധിനീകരിച്ച് സെപ്തംബർ ഒന്നിന് ഡൽഹിയിൽ ആരംഭിച്ച തൽ സൈനിക് ക്യാമ്പിൽ അനന്തു പങ്കെടുത്തു.
അഭിമാനകരമായ നേട്ടത്തിന് ഉടമയായ അനന്തുകൃഷ്ണയെയും ഈ നേട്ടത്തിന് എല്ലാ പിന്തുണയും നൽകിയ അനന്തുവിന്റെ മാതാപിതാക്കളെയും സ്കൂൾ മാനേജർ ഫാ. ഡോ. അഗസ്റ്റിൻ പുതുപ്പറമ്പിൽ, പിടിഎ പ്രസിഡന്റ് റോബിൻ കാരക്കാട്ട് , സ്കൂൾ പ്രിൻസിപ്പൽ ബെർലി മാത്യൂസ്, എൻസിസി എഎൽഒ ലെഫ്. സിജോയ് ജോർജ് എന്നിവർ അഭിനന്ദിച്ചു.
33 കേരള എൻസിസി നെടുങ്കണ്ടം ബറ്റാലിയന്റെ നേതൃത്വത്തിലുള്ള പരിശീലനമാണ് അനന്തുവിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. സ്കൂളിലെ പ്ലസ് ടു സയൻസ് ബാച്ച് വിദ്യാർഥിയായ അനന്തു വെള്ളാരംകുന്ന് (ഓടമേട്) കീന്തനാനിക്കൽ മനോജ് - സീമ ദമ്പദികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ്. സഹോദരൻ അഭിനവ് കൃഷ്ണ വെള്ളാരംകുന്ന് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
Tags : District News Nattuvishesham Major K.M. Ananthukrishna Vellaramkunnu School