കോന്നി: വനം വകുപ്പിന്റെ കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള വനയാത്രകൾ നിലച്ചിട്ട് മാസങ്ങളായി. അടവി – ഗവി വിനോദ സഞ്ചാര യാത്രകളാണ് നിലച്ചത്. വിനോദസഞ്ചാര വകുപ്പ് അനുവദിച്ച രണ്ട് മിനി ബസുകളിൽഒരെണ്ണം അറ്റകുറ്റപണികൾക്കായി വർക്ക് ഷോപ്പിൽ കയറ്റിയിട്ട് ഒരു വർഷത്തിലേറെയായി. മറ്റൊന്ന് മാസങ്ങളായി ഓടുന്നുമില്ല.കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്ന് തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച് ഗവിയിലേക്കുള്ള ടൂർ പാക്കേജ് ആരംഭിച്ചത് 2015 ൽ ആണ്. കാടിനെയും കാട്ടുമൃഗങ്ങളെയും കണ്ട് കുട്ടവഞ്ചി സവാരിയും നടത്തി ഗവിയിലേക്കുള്ള യാത്ര സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന തരത്തിലായതിനാൽ വർഷങ്ങളോളം മികച്ച വരുമാനം നേടിയിരുന്നു.
ഈ യാത്രയിൽ പങ്കാളികളാകാൻ മുന്നേ ബുക്ക് ചെയ്തു എത്തുന്ന സഞ്ചാരികളും നിരവധി ആയിരുന്നു. കോന്നി വന വികാസ ഏജൻസിയുടെ കീഴിൽ മണ്ണീറ തലമാനം വനസംരക്ഷണ സമിതിയുടെ ചുമതലയിലായിരുന്നു വിനോദ സഞ്ചാര യാത്ര നടത്തിയിരുന്നത് . പിന്നീട്തലമാനം വനസംരക്ഷണ സമിതിയെ ഒഴിവാക്കി കോന്നി വന വികാസ ഏജൻസിയുടെ നേരിട്ടുള്ള ചുമതലയിലാക്കി. തുടർന്ന് യാത്രാ നിരക്ക് വർധിപ്പിക്കുകയും ഗവി സന്ദർശിച്ച ശേഷം പരുന്തുംപാറയിലേക്ക് യാത്ര ദീർഘിപ്പിക്കുകയും ചെയ്തു.
എന്നാൽ സഞ്ചാരികൾക്ക് ഏറെ ആകർഷകമായതും മികച്ച വരുമാനം നേടിയിരുന്നതുമായ വിനോദ സഞ്ചാര യാത്ര അധികൃതരുടെ അനാസ്ഥ കാരണം നിലക്കുകയായിരുന്നു. വാഹനങ്ങളുടെ പണികൾ തീർക്കാതെയും അവഗണനയും വിനോദ സഞ്ചാര യാത്ര നഷ്ടത്തിലാക്കി . കോന്നി ഇക്കോ ടൂറിസം സെന്ററിൽ നിന്നു രാവിലെ യാത്ര തിരിച്ച് തണ്ണിത്തോട് അടവിയിലെത്തി കുട്ടവഞ്ചി സവാരിക്ക് ശേഷം തണ്ണിത്തോട്, ആങ്ങമൂഴി, മൂഴിയാർ വഴി ഗവിയിലും തുടർന്ന് പരുന്തുംപാറയിലും എത്തി മടങ്ങും വിധമാണു യാത്ര ക്രമീകരിച്ചിരുന്നത്. 16 പേർക്കു സഞ്ചരിക്കാനാകുന്ന വാഹനത്തിൽ ഒരാൾക്ക് 2200 രൂപയാണ് യാത്രാ നിരക്ക് ഈടാക്കിയിരുന്നത്.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, കുട്ടവഞ്ചി സവാരി എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും.രാവിലെ കോന്നിയിൽ നിന്നാരംഭിച്ചു രാത്രി തിരികെ അവിടെയെത്തുന്ന 232 കിലോമീറ്റർ യാത്രയിൽ ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ തുടർച്ചയായി 80 കിലോമീറ്ററോളം വനമാണെന്നതും യാത്രയിൽ മൂഴിയാർ, കക്കി, ആനത്തോട് ഡാമുകൾ കാണാനാകുന്നതും പ്രത്യേകതയാണ്.വനംവകുപ്പിന്റെ കോന്നി– അടവി–ഗവി ടൂർ പാക്കേജിൽ സഞ്ചാരികൾക്ക് കൃത്യമായി വാഹനസൗകര്യമൊരുക്കിയും ആവശ്യമായ മാറ്റങ്ങൾ വരുത്തിയും വരുമാനമുണ്ടാക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ലെങ്കിലും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര ബസുകൾ അടവി വഴി ഗവിയിലേക്ക് യാത്രയൊരുക്കി മികച്ച വരുമാനം നേടുന്നുണ്ട്.
കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നായി ദിവസവും ഒട്ടേറെ ബസുകൾ അടവി വഴി ഗവിയിലേക്ക് പോകുന്നുണ്ട്. ആനത്താവളത്തിന്റെ പരിപാലനവും മികച്ച രീതിയിൽ അല്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ആനത്താവളം അടവി ഉൾപ്പെടെ ഉള്ള പദ്ധതികൾ മികച്ചതാക്കാൻ വനം വകുപ്പിന് താൽപ്പര്യം ഇല്ല എന്നും ആക്ഷേപം ഉണ്ട്. ആനത്താവളത്തിലും ദിനപ്രതി നൂറുകണക്കിനു സഞ്ചാരികളാണ് വന്നു പോകുന്നത്. അവധി ദിനങ്ങളിൽ ഇവിടുത്തേ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ പോലും ഉണ്ട്. എന്നാൽ വളരെ പ്രതിക്ഷകളോടെ എത്തുന്നവർക്ക് തങ്കളുടെ കുട്ടികൾക്ക് ഉപകരിക്കുന്ന തരത്തിലുള്ള പാർക്ക് പോലും ഇവിടെയില്ല.