ബെംഗളൂരു: അപകടം നിറഞ്ഞതും ദുർഘടവുമായ ബെംഗളൂരു - മംഗളൂരു ഘട്ട് പാതയിൽ ട്രയൽ റൺ നടത്തി വന്ദേഭാരത് എക്സ്പ്രസ്. ബാങ്കർ എൻജിനുകളുടെ സഹായമില്ലാതെയാണ് പശ്ചിമഘട്ടത്തെ വന്ദേഭാരത് കീഴടക്കിയത്. നിലവിൽ ഈ പാതയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് ട്രെയിനുകൾക്കും ചരക്ക് വണ്ടികൾക്കും കുത്തനെയുള്ള മലകയറാൻ മുന്നിലെ എൻജിന് പുറമെ, പിന്നിൽ നിന്ന് തള്ളാനായി ‘ബാങ്കർ ലോകോമോട്ടീവ്' എന്ന പ്രത്യേക എൻജിനുകൾ ഘടിപ്പിക്കാറുണ്ട്. എന്നാൽ അത്യാധുനിക ബ്രേക്കിംഗ് സംവിധാനങ്ങളാണ് ഈ പാതയിലൂടെയുള്ള വന്ദേഭാരതിന്റെ യാത്രയ്ക്ക് തുണയായത്.
സഖ്ലേഷ്പുരയ്ക്കും സുബ്രമണ്യ റോഡിനും ഇടയിലുള്ള പശ്ചിമഘട്ടത്തിലെ സുന്ദരമായ 55 കിലോമീറ്റർ ദൂരം കാഴ്ചക്കാരുടെ മനം കവരുമെങ്കിലും ട്രെയിൻ ഗതാഗതത്തിന് വെല്ലുവിളികളുടെ പാതയാണ്. 57 തുരങ്കങ്ങളും, 226ലധികം പാലങ്ങളും, 108 വളവുകളും നിറഞ്ഞ പാത. ഓരോ 50 മീറ്റർ മുന്നോട്ട് പോകുമ്പോഴും ട്രാക്കിൽ ഒരു മീറ്റർ വീതം ഉയർച്ചയോ താഴ്ചയോ അനുഭവപ്പെടുന്ന 1 ഇൻ 50 ഗ്രേഡിയന്റ് എന്ന പ്രതിഭാസം നേരിടുന്ന പാത.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രത്യേകം സജ്ജമാക്കിയ ‘ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്' സിസ്റ്റം ഘടിപ്പിച്ച 20 കോച്ചുകളുള്ള റേക്കാണ് പരീക്ഷണ ഓട്ടത്തിനായി റെയിൽവേ ഉപയോഗിച്ചത്. സഖ്ലേഷ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലെ പരമാവധി വേഗത 30 കിലോമീറ്ററാണ്. ഈ വേഗപരിധിയിൽ വേണം ഈ ഭാഗത്ത് കൂടി വന്ദേഭാരത് കടന്നുപോകാൻ. ഓഗസ്റ്റ് 20 വരെയാണ് പരീക്ഷണ ഓട്ടം.
Tags : Trial run Bengaluru Mangaluru ghat section banker engines Vande Bharat Train Western Ghats Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash